സഹോദരൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രിയങ്ക, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ ട്രക്കിനടിയിൽപ്പെടുകയായിരുന്നു. 

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു. ബൈക്കിന്‍റെ പിന്നിൽ ഇരിക്കുകയായിരുന്ന 26കാരി ട്രക്കിനടിയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെ മദനായകനഹള്ളി–ഹുസ്‌കൂർ റോഡിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ പ്രിയങ്കയാണ് മരിച്ചത്.

പ്രിയങ്കയുടെ സഹോദരൻ നരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിൽ പണി നടക്കുന്ന സമയമായിരുന്നു. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ പ്രിയങ്ക ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ട്രക്കിനടിയിൽപ്പെട്ടാണ് പ്രിയങ്കയുടെ മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള വൺ സേവിംഗ്സ് ബാങ്കിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്.

മദനായകനഹള്ളി പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി- "പതിവുപോലെ, ഞാൻ സഹോദരിയെ മഡവര മെട്രോ സ്റ്റേഷനിൽ വിടാൻ പോയതാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. റോഡിലെ കുഴി കാരണം ഞങ്ങളുടെ മുന്നിലുള്ള കാർ നിന്നു. എനിക്ക് ബ്രേക്ക് ചെയ്യേണ്ടിവന്നു. എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അറിയുമായിരുന്നില്ല"- നരേഷ് പറഞ്ഞു.