വളരെ നേരം കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്ന് ഇരുവരും പുറത്തു വരാതിരുന്നപ്പോൾ, പിതാവിന് സംശയം തോന്നി. വാതിൽ തകർത്ത് അകത്തുകയറി. അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെയാണ് കണ്ടത്.

മൈസൂരു: ഗീസറിൽ നിന്നുള്ള വാതക ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യം. ഗുൽപം താജ് (23), സഹോദരി സിമ്രാൻ താജ് (20) എന്നിവരെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മൈസൂരുവിലെ പെരിയപട്ണയിലാണ് സംഭവം നടന്നത്.

ഒരു ചടങ്ങിൽ പങ്കെടുക്കാനുള്ളതിനാൽ പെട്ടെന്ന് ഒരുങ്ങാനായി ഇരുവരും ഒന്നിച്ച് കുളിക്കാൻ കയറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വളരെ നേരം കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്ന് ഇരുവരും പുറത്തു വരാതിരുന്നപ്പോൾ, പിതാവ് അൽത്താഫിന് സംശയം തോന്നി. വാതിൽ തകർത്ത് അകത്തുകയറി. അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെയാണ് അദ്ദേഹം കണ്ടത്. ഉടൻ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഗീസറിൽ നിന്ന് വിഷവാതകം പുറത്തുവന്നാണ് ഇരുവരും മരിച്ചത്. കുളിമുറിക്ക് ആവശ്യത്തിന് വെന്‍റിലേഷൻ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്‍റെ സ്വന്തം വീടല്ല അത്. വാടകയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.