നീറ്റ് പ്രതിഷേധങ്ങൾ ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറി. ബിഹാറിലെ ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോൽവി. ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോറിന് വിജയം.
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായി ആളിക്കത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറി. ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയിച്ചു. സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടിക്കായി മത്സരിച്ച പ്രശാന്ത് കിഷോർ ജയിച്ചുകയറിയത്.
ബിജെപിക്കായി മത്സരിച്ച നീരജ് കുമാർ സിൻഹയെ 19,324 വോട്ടുകൾക്കാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. 64,151 വോട്ടുകൾ പ്രശാന്ത് കിഷോർ പിടിച്ചപ്പോൾ, നീരജ് കുമാറിന് 44,827 വോട്ടുകളാണ് ലഭിച്ചത്. ആർജെഡിക്കായി മത്സരിച്ച രേഖ കുമാരി 14,273 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചുതവണ നിതിൻ നബീൻ വിജയിച്ചുകയറിയ മണ്ഡലത്തിൽ 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നബീൻ്റെ വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാത്ത ജൻ സുരാജ് പാർട്ടിക്ക് കന്നിയങ്കത്തിലെ പ്രശാന്ത് കിഷോറിൻ്റെ വിജയം പ്രതീക്ഷ പകരുന്നതാണ്.
അതേസമയം ബങ്കിപ്പൂരിന് പുറമേ, ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചാൽപൂർ നിയമസഭ സീറ്റുകളിലെ ഫലവും പ്രഖ്യാപിച്ചു. കോൺഗ്രസ് എംഎൽഎയായിരുന്ന രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദതിയയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനായി മത്സരിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഘൻശ്യാം സിങ് 6016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. ഘൻശ്യാം സിങ് 66757 വോട്ടുകൾ പിടിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി അഷുതോഷ് തിവാരിക്ക് 60741വോട്ടുകളാണ് ലഭിച്ചത്. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറി ഉണ്ടായിരുന്നു.
മുതിന്ന ബിജെപി എംഎൽഎ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് ഗുജറാത്തിലെ വഡോദരയിലുള്ള മഞ്ചാൽപൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചാൽപൂരിൽ പാർട്ടിക്കായി മത്സരിച്ച സതീഷ് പട്ടേൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ബിക്കാഭായ് റാബറിക്കെതിരെ 30630 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സതീഷ് പട്ടേലിൻ്റെ വിജയം. 55,481 വോട്ടുകൾ സതീഷ് പട്ടേൽ പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 24,851 വോട്ടുകളാണ് ലഭിച്ചത്.


