ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല. പല സമുദായങ്ങളിൽ നിന്നും വോട്ട് ചർച്ചയുണ്ടായി. തോൽവിയെ കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ
ബെംഗളുരു : കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. തോൽവിക്ക് പല കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല. പല സമുദായങ്ങളിൽ നിന്നും വോട്ട് ചർച്ചയുണ്ടായി. തോൽവിയെ കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ബൊമ്മൈ ഏറ്റെടുത്തിരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏക സംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി. കർണാടക തെരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ, ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാൻ സാധിച്ചില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.
