ബെംഗലൂരു: നീണ്ട പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ പെൻഷനടക്കം ആനൂകൂല്യങ്ങൾ ഇന്ത്യൻ നേവിയിൽ നിന്ന് നേടിയെടുക്കാനായതിന്‍റെ സന്തോഷത്തിലാണ് പുതുവര്‍ഷ പുലരിയിൽ കമാന്‍റര്‍ പ്രസന്ന. ഏറെ വൈകിയെങ്കിലും ആനുകൂല്യങ്ങൾ തീര്‍ത്ത് കിട്ടിയതിയതിൽ സന്തോഷം ഉണ്ട്. നാവിക സേനാ വിഭാഗത്തിലെ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് വലിയ നേട്ടത്തിന് ശേഷം കമാന്‍റര്‍ പ്രസന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

നാവികസേനയില്‍ വനിതകളുടെ സ്ഥിരം നിയമനത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടിയായിരുന്നു കമാന്‍റ്‍ർ ഇ. പ്രസന്നയടക്കമുള്ള അഞ്ച് വനിതകൾ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. പത്ത് വർഷം കോടതികൾ കയറി ഇറങ്ങി ഒടുവിലാണ് നീതി കിട്ടിയത്. കേസില്‍ 2020 മാർച്ചില്‍ നാവികസേനയില്‍ വനിതകൾക്ക് സ്ഥിരം നിയമനത്തിന് സംവിധാനമേർപ്പെടുത്തണമെന്നും പെന്‍ഷന്‍ നല്‍കണമെന്നും സുപ്രീകോടതി നിർണായക വിധി പുറപ്പെടുവിച്ചു. 9 മാസത്തിനു ശേഷം പുതുവർഷ സമ്മാനമെന്നോണം കഴിഞ്ഞ വ്യാഴാഴ്ചയാണ് നഷ്ടപരിഹാര തുക എല്ലാവരുടെയും അക്കൗണ്ടിലെത്തിയത്.

വനിതകൾക്ക് സ്ഥിരം നിയമന കമ്മീഷനില്ലാത്തതിനാല്‍ 14 വർഷത്തെ ഷോർട്ട് സർവീസിന് ശേഷം കമാന്റര്‍ പ്രസന്നയടക്കമുള്ള അഞ്ച് സ്ത്രീകളെ 2008ല്‍ നേവി സർവീസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിച്ചു. ഇതിനെതിരെയാണ് 2010 മുതല്‍ അഞ്ച് വനിതകളും ഒരുമിച്ച് നിയമ പോരാട്ടം തുടങ്ങിയത്. എന്നാല്‍ പ്രസന്നയുടെയും സഹപ്രവർത്തകരുടെയും മുഴുന്‍ ആവശ്യങ്ങളും ഇപ്പോഴും നേവി അധികൃതർ അംഗീകരിച്ചിട്ടില്ല.

2008ല്‍ നല്‍കിയ ഗ്രാറ്റുവിറ്റി തുക പലിശയടക്കം തിരിച്ചു പിടിക്കുമെന്നാണ് നേവി ഇവരെ അറിയിച്ചിരിക്കുന്നത്. പുരുഷന്‍മാർക്ക് തുല്യമായി ആനുകൂല്യങ്ങൾ ലഭിക്കുംവരെ കോടതിയില്‍ പോരാട്ടം തുടരാനാണ് പ്രസന്നയുടെയും സഹപ്രവർത്തകരുടെയും തീരുമാനം. കാസർകോട് സ്വദേശിനിയായ ഇ. പ്രസന്ന നാവികസേനയില്‍ 1994 ല്‍ ആരംഭിച്ച സേവനം 2008ല്‍ അവസാനിക്കുമ്പോൾ എയർട്രാഫിക് കണ്ട്രോൾ വിഭാഗത്തിലെ കമാണ്ടറായിരുന്നു.