കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്ന  പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ അറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സ്ഫോടനത്തിന് പിന്നാലെ  അത്യാവശമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേരത്തേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഈസ്റ്റര്‍ ഞായറാഴ്ച മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ബോബ് സ്ഫോടനത്തില്‍ 253 ആളുകളാണ് കൊല്ലപ്പെട്ടത്. സ്ഫോടന പരമ്പരകള്‍ക്ക് ശേഷം ശ്രീലങ്ക സാധാരണ ഗതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കലാപ സാധ്യത കണക്കിലെടുത്ത് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും കര്‍ഫ്യൂവും പിന്‍വലിച്ചിരുന്നു. സ്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ അറിയിപ്പ്. 

കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായും ഹംബന്‍ടോട്ടയിലെയും ജാഫ്നയിലെയും അസി.ഹൈക്കമ്മീഷനുകളുമായും സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.