കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി. ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് പ്രമേയം പാസ്സായത്. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ലെന്നും ഹിന്ദു സഹോദരങ്ങൾ കൂടി സമരത്തിന് മുൻനിരയിൽ നിൽക്കണമെന്നും മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭയിൽ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഇതുവരെ ഇടതുപക്ഷം ഭരിക്കുന്ന കേരളവും, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനുമാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയിട്ടുള്ളത്.

''പശ്ചിമബംഗാളിൽ ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല. ദേശീയ പൗരത്വ റജിസ്റ്ററോ, ദേശീയ ജനസംഖ്യാ റജിസ്റ്ററോ പ്രസിദ്ധീകരിക്കാൻ അനുവദിക്കുകയുമില്ല. ഇതിനെതിരെ സമാധാനപരമായി സമരം തുടരും'', എന്ന് മമതാ ബാനർജി നിയമസഭയിൽ പറഞ്ഞു.

''ദേശീയ പൗരത്വ നിയമഭേദഗതി നടപ്പായാൽ പൗരത്വം കിട്ടണമെങ്കിൽ നിങ്ങളിനിയും നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. അതുവരെ നിങ്ങളൊരു വിദേശിയാണ്. ഇത് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്ന അപകടകരമായ ഒരു കളിയാണ്. അവരുടെ ആ കെണിയിൽ വീഴരുത്'', എന്ന് മമതാ ബാനർജി.

''പൗരത്വം ഇനിയും തെളിയിക്കേണ്ടി വരുന്നതും, തടവുകേന്ദ്രങ്ങളുമൊന്നും അംഗീകരിക്കാനാവുന്നതല്ല. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഈ രാജ്യത്ത് ജനിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നും. രാജ്യം വിട്ട് അഭയാർത്ഥികളായിപ്പോകേണ്ടി വരുമെന്ന് ഭയപ്പെടുകയാണ് ജനങ്ങൾ. എല്ലാ കാർഡുകളും ശരിയാക്കാൻ ക്യൂ നിൽക്കുകയാണ്", മമതാ ബാനർജി പറഞ്ഞു.

ബിജെപിയാണ് പാകിസ്ഥാന്‍റെ ബ്രാൻഡ് അംബാസിഡർമാരെന്ന് പരിഹസിച്ച മമതാ ബാനർജി, അവരെന്നെങ്കിലും ഇന്ത്യയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. 'എന്തുപറഞ്ഞാലും അവർ പാകിസ്ഥാൻ, പാകിസ്ഥാൻ എന്ന് പറയുന്നതെന്തിനാണ്?', മമതാ ബാനർജി ചോദിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസ്സാക്കിയ സംസ്ഥാനം കേരളമാണ്. അന്ന് സമാനമായ രീതിയിൽ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്നും പ്രതിഷേധിക്കണമെന്നും കേരളം ബിജെപിയിതര സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷവുമായി ചേർന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരെ സംയുക്ത സമരവും സർക്കാർ നടത്തിയിരുന്നു. 

എന്നാൽ ഈ പ്രമേയങ്ങളെ ബിജെപി ശക്തമായി എതിർത്തു. ഒരു കേന്ദ്രനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതുകൊണ്ടെന്ന് ഗുണമെന്ന് ചോദിച്ച ബംഗാളിലെ ബിജെപി എംഎൽഎമാർ, സഭ ബഹിഷ്കരിച്ചു.