Asianet News MalayalamAsianet News Malayalam

ബം​ഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദിൽ വ്യാപക സംഘ‌ർഷം, പലയിടത്തും ബിജെപി തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

പലയിടത്തും ബിജെപി തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലത്തെ സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്

Bengal Bandh  turn violent in many place part workers fights in streets
Author
First Published Aug 28, 2024, 1:26 PM IST | Last Updated Aug 28, 2024, 2:08 PM IST

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദിൽ വ്യാപക സംഘ‌ർഷം. നോർത്ത് 24 പർ​ഗാനസിൽ പ്രദേശിക നേതാവിന്റെ കാറിന് നേരെ ബോംബേറും വെടിവയ്പ്പുമുണ്ടായി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് ബിജെപി നേതൃത്വം പ്രതികരിക്കുന്നത്. പലയിടത്തും ബിജെപി തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. യുവ ഡോക്ടറുടെ മനുഷ്യത്വ രഹിതമായ കൊലപാതകത്തിൽ എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കുന്നു എന്നാണ് പ്രതിഷധം രൂക്ഷമായതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.

ഇന്നലത്തെ സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെതിരെ സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കൊൽക്കത്തയിലുൾപ്പടെ പൊതു​ഗതാ​ഗതം തടസപ്പെട്ടു. പലയിടത്തും കടകൾ തുറന്നില്ല. നോർത്ത് 24 പർ​ഗാനസിലെ ഭാർപര മേഖലയിൽ ബിജെപി നേതാവ് പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിന് നേരെ ബോംബേറും വെടിവയ്പ്പുമുണ്ടായത്. വാഹനത്തിന് വെടിയേൽക്കുന്ന ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവറുൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റെന്നും, ഒരാളുടെ നില ​ഗുരുതരമാണെന്നും നേതാക്കൾ പറയുന്നത്.

പ്രദേശത്തുനിന്നും കണ്ടെടുത്ത ബോംബ് പൊലീസ് നിർവീര്യമാക്കി. താംലൂക്കിൽ ബിജെപി - തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബിജെപി നേതാക്കളെ വീടിനകത്തുനിന്നടക്കം ബലമായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നും പരാതിയുണ്ട്. മുൻ എംപി രൂപ ​ഗാം​ഗുലി, നേതാക്കളായ ലോകെറ്റ് ചാറ്റർജി, അ​ഗ്നിമിത്ര പോൾ, അർച്ചന മജും​ദാർ എന്നിവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

അതിനിടെ ഇന്നലെ സെക്രട്ടേറിയേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി. പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ വിട്ടയക്കാൻ നടപടിയെടുക്കാനാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജൂംദാർ ​ഗവർണർക്ക് കത്തയച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ ‌ക്രൂര കൊലപാതകത്തിൽ കുടുംബത്തിന് വേ​ഗത്തിൽ നീതി ലഭ്യമാക്കണമെന്ന് മമത ബാനർജി ആവർത്തിച്ചു. ഇത്തരത്തിൽ മനുഷ്യത്വ രഹിതമായ സംഭവം നടന്നതിൽ എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കുന്നതായും മമത ബാനർജി പറഞ്ഞു. തൃണമൂല് കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിന സന്ദേശത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios