ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി എംഎൽഎയുടെ ഉള്ളിൽ ചെന്നതായാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലുള്ളത്. വെന്റിലേറ്ററിൽ കഴിയുന്ന അവരുടെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമാണ്. കീടനാശിനി എങ്ങനെ ഉള്ളിൽ ചെന്നു എന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൽക്കത്ത: കീടനാശിനി ഉള്ളിൽച്ചെന്നുള്ള വിഷബാധയേറ്റ് ബംഗാളിൽ എംഎൽഎ അതീവ ഗുരുതരാവസ്ഥയിൽ. ബിജെപി എംഎൽഎ രേഖ പത്രയാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയില് കഴിയുന്നത്. കൊൽക്കത്തയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവൻ നിലനിർത്തുന്നത്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്നതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രേഖ പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് രേഖ പത്ര.
രേഖയെ ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും, ആരോഗ്യ നില വഷളായതോടെ പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി എംഎൽഎയുടെ ഉള്ളിൽ ചെന്നതായാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലുള്ളത്. കാർഷികാവശ്യത്തിനുള്ള കീടനാശിനി ഉള്ളിൽ ചെന്നതായി സംശയിക്കുന്നതായാണ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടും വ്യക്തമാക്കുന്നത്. അബോധാവസ്ഥയിലായിരുന്ന എംഎൽഎ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ഇതുവരെ കണ്ണുതുറക്കുകയോ മരുന്നുകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കീടനാശിനി എങ്ങനെ ഉള്ളിൽ ചെന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2024-ന്റെ തുടക്കത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് രേഖ പത്ര ദേശീയ ശ്രദ്ധ നേടിയത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, 2026 മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ചിൽ നിന്ന് വിജയിച്ച് എംഎൽഎയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാർട്ടിയിലെ ജില്ലാ നേതൃത്വത്തിനെതിരെ രേഖ പത്ര പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ അടുത്തിടെ പരസ്യമായി പ്രതികരിച്ചിരുന്നു.
















