കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് ബിജെപി നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. 34കാരനായ ബിജോയ് ഷില്ലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നാട്ടുകാരാണ് ഞായറാഴ്ച രാവിലെ ഷില്ലിന്റെ മൃതദേഹം ശ്മശാനത്തിന് സമീപമുള്ള മാന്തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പൊലീസ് എത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

ബിജോയ് ഷില്‍ കൊല്ലപ്പെട്ടതാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗുണ്ടകളാണെന്നും ഇയാളുടെ കുടുംബം ആരോപിച്ചു. അതേസമയം ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.