കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ അനുമതി. നേരത്തെ, കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് മണിക്കൂര്‍ മാത്രം മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനുള്ള അനുമതിയുണ്ടായിരുന്നത്.

കച്ചവടക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നേരത്തെ, ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഈ സമയം കച്ചവടക്കാര്‍ക്ക് അസൗകര്യമാണെന്നാണ് അവര്‍ അറിയിച്ചു.

ഇതോടെയാണ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാന്‍ അനുവാദം നല്‍കിയത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അവശ്യസാധനങ്ങളുടെ പട്ടികയില്‍ മിഠായിയും മറ്റ് മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നാണ് ചിലര്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഈ തീരുമാനം കാരണം പാളി പോകുന്നുണ്ട്. നൂറുകണക്കിന് പേരാണ് മധുരപലഹാരക്കടകളില്‍ ദിവസവും എത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.