കൊൽക്കത്ത: ലോക്ക് ഡൗണിനിടെ വീടിനു പുറത്തിറങ്ങിയ യുവാവ് പൊലീസിന്‍റെ അടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. പശ്ചിമബംഗാളിലെ ഹൗറ നിവാസിയായ ലാൽ സ്വാമി(32) യാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാർ ലാൽ സ്വാമിയെ തല്ലിച്ചതക്കുകയായിരുന്നെന്നും മർദ്ദനത്തിലേറ്റ പരിക്കിനെത്തുടർന്നാണ് മരണപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു.

റോഡിൽ കൂടി നിന്നവരെ പൊലീസ് ലാത്തിച്ചാർജ്ജിലൂടെ പിരിച്ചുവിടുന്നതിനിടെയാണ് ലാൽ സ്വാമിയ്ക്ക് മർദ്ദനമേറ്റതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് പാൽ വാങ്ങുന്നതിനാണ് പുറത്തിറങ്ങിയതെന്നും ഇവർ പറയുന്നു. മർദ്ദനമേറ്റ ഉടൻ തന്നെ ലാൽ സ്വാമിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

അതേസമയം, ലാൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്നും ഇയാൾക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പശ്ചിമബംഗാളിൽ ഇതുവരെ 10 പേരിലാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി നയാബാദിലുള്ള 66 കാരനാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.