മധ്യപ്രദേശിലെ ഭോപ്പാലിൽ നോയിഡ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നോയിഡ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹിൽസ് പ്രദേശത്തുള്ള ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനും മുൻ ജഡ്ജി കൂടിയായ ഭർതൃമാതാവിനുമെതിരെ സ്ത്രീധന പീഡനം, മർദ്ദനം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. കേസിൽ നിർണായകമായ രണ്ട് സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി ഭർതൃവീട്ടിലെ ഗോവണിപ്പടി കയറി മുകളിലേക്ക് പോകുന്നത് ആദ്യത്തെ സിസിടിവി ദൃശ്യത്തിൽ കാണാം. മിനിറ്റുകൾക്ക് ശേഷം, അബോധാവസ്ഥയിലായ യുവതിക്ക് ഭർത്താവ് രണ്ടുതവണ സിപിആർ നൽകാൻ ശ്രമിക്കുന്നതും തുടർന്ന് മറ്റ് രണ്ട് പുരുഷന്മാരുടെ സഹായത്തോടെ ഭർത്താവ് യുവതിയെ താഴേക്ക് എത്തിക്കുന്നതും ദൃശ്യത്തിലുണ്ട്. ഈ സമയത്ത് വിരമിച്ച ജഡ്ജി കൂടിയായ ഭർതൃമാതാവ് സിസിടിവി ഫ്രെയിമിലേക്ക് വരികയും മറ്റൊരു മുറിയിലേക്ക് പോകുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ഭോപ്പാൽ കോടതി തിങ്കളാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യുവതിയുടെ ഭർത്താവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിൽ ഇയാൾ ഒളിവിലാണ്.

Add Asianetnews as a Preferred SourcegooglePreferred

മരണത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഭർതൃവീട്ടിൽ താൻ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നും യുവതി അമ്മയോട് പറഞ്ഞിരുന്നു. ഭർതൃവീട്ടുകാർ തന്നെ കരയാൻ പോലും അനുവദിക്കുന്നില്ലെന്നും ഭർത്താവ് തന്നെ അവിശ്വസിക്കുന്നുണ്ടെന്നും യുവതി ചാറ്റുകളിൽ ആരോപിച്ചിരുന്നു. വിവാഹശേഷം ഉണ്ടായ കടുത്ത മാനസിക പീഡനം കാരണം യുവതിക്ക് 15 കിലോഗ്രാം ഭാരം കുറഞ്ഞതായി കുടുംബം ആരോപിക്കുന്നു.

എന്നാൽ യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും ലഹരി മരുന്നിന് അടിമയായിരുന്നെന്നുമാണ് ഭർത്താവിന്റെ ജാമ്യാപേക്ഷയിൽ പറയുന്നത്. കേസ് അന്വേഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്. ഭോപ്പാൽ എയിംസിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരിക്കുകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ദില്ലി എയിംസിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

YouTube video player