നാളെത്തെ ബന്ദ് ബെംഗളൂരുവിനെ നിശ്ചലമാക്കുമോ?, വിശദാംശങ്ങള്‍ ഇങ്ങനെ
ആംബുലന്‍സ്, മെഡിക്കല്‍ ആവശ്യത്തിനുള്ള വാഹനങ്ങള്‍, അത്യാവശ്യമുള്ള സാധനങ്ങളുമായുള്ള വാഹനങ്ങള്‍ എന്നിവ അനുവദിക്കും. ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും പതിവുപോലെ പ്രവര്‍ത്തിക്കും.

ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ നാളെ നടക്കുന്ന ബംഗളൂരു ബന്ദ് നഗരത്തെ നിശ്ചലമാക്കിയേക്കും. ബസ്, ഓട്ടോ, ടാക്സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്സികള്‍ എന്നിവ നിരത്തിലിറങ്ങില്ല. ഹോട്ടലുകള്‍ ഉള്‍പ്പെടെ തുറക്കാത്തതിനാല്‍ തന്നെ ബന്ദ് ജനജീവിതത്തെ ബാധിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ 175ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ ബന്ദ് ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറക്കുന്നതിന് തടസം നേരിടാനും ഇടയുണ്ട്. ബിജെപി, ജെഡിഎസ്, ആം ആദ്മി എന്നീ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്റെ അന്ന് രാവിലെ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൗണ്‍ഹാളില്‍നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് റാലി നടത്തും. അതേസമയം, തമിഴ് സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൽ നാഗരാജ് ആവശ്യെപ്പട്ടു. അക്രമസംഭവങ്ങൾ ഒഴിവാക്കാനായി സുരക്ഷ കർശനമാക്കിയതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ് അറിയിച്ചു. സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു.
ബന്ദിന്റെ കൂടുതല്‍ വിശദാംശങ്ങള്‍:
കെഎസ്ആര്‍ടിസി, ബിഎംടിസി
കർണാടക ആർ.ടി.സി, ബി.എം.ടി.സി തൊഴിലാളികളുടെ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ നഗരത്തില്‍ ബിഎംടിസി ബസുകളും കര്‍ണാടക ആര്‍ടിസി ബസുകളുടെ സര്‍വീസിനെ കാര്യായി ബാധിക്കും. മറ്റു ജില്ലകളിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസുകളുടെ സര്‍വീസ് നടത്തിയാലും നഗരത്തിനുള്ളിലുള്ള ബസ് സര്‍വീസ് തടസപ്പെട്ടേക്കാം.
ടാക്സി സര്‍വീസ്
ബന്ദിന് പിന്തുണ നല്‍കുമെന്നും ചൊവ്വാഴ്ച ടാക്സികള്‍ നിരത്തിലിറക്കില്ലെന്നുമാണ് ഒല, ഉബര്‍ ഡ്രൈവേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് തന്‍വീര്‍ പാഷ പ്രഖ്യാപിച്ചത്. ഭൂമി, ഭാഷ, വെള്ളം എന്നീ വിഷയങ്ങള്‍ വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ തങ്ങള്‍ ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും തന്‍വീര്‍ പാഷ പറഞ്ഞു. ട്രേഡ് യൂനിയനകളും പിന്തുണ അറിയിച്ചതിനാല്‍ മറ്റു ഓട്ടോ, ടാക്സികളും നിരത്തിലിറങ്ങിയേക്കില്ല. ടാക്സികളില്ലാത്തതിനാല്‍ തന്നെ വിമാനത്താവളത്തിലേക്കടക്കമുള്ള യാത്രയെ ഇതു സാരമായി ബാധിക്കും.
സ്കൂളുകളും കോളജുകളും
ബന്ദ് ദിവസം കൈയില്‍ കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് പിന്തുണ അറിയിക്കുമെന്നാണ് കര്‍ണാടക പ്രൈവറ്റ്സ് സ്കൂള്‍സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ശശികുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബന്ദ് പൂര്ണമായാല് സ്കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാര്‍ഥികളെത്താനും ബുദ്ധിമുട്ടും.
ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും
ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷന്റെ പിന്തുണ ഉള്ളതിനാൽ നാളെ നഗരത്തില്‍ ഹോട്ടലുകളും തുറക്കില്ല. അസോസിയേഷന്റെ ഭാഗമല്ലാത്ത മറ്റു ഹോട്ടല്‍ ഉടമകളോടും ഒരു ദിവസത്തേക്ക് ഹോട്ടലുകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദിന് ഐക്യദാര്‍ഢ്യം അറിയിക്കണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ തന്നെ കടകള്‍ തുറക്കാനുള്ള സാധ്യതയും കുറവാണ്.
നമ്മ മെട്രോ
നാളെ സാധാരണപ്പോലെ ബെംഗളൂരു നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. ഒരു പാതയിലും നമ്മ മെട്രോ സര്‍വീസ് തടസപ്പെടില്ലെന്നും ഇതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അടിയന്തര സേവനങ്ങള്‍
ആംബുലന്‍സ്, മെഡിക്കല്‍ ആവശ്യത്തിനുള്ള വാഹനഹങ്ങള്‍, അത്യാവശ്യമുള്ള സാധനങ്ങളുമായുള്ള വാഹനങ്ങള്‍ എന്നിവ അനുവദിക്കും. ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും പതിവുപോലെ പ്രവര്‍ത്തിക്കും.