ശനിയാഴ്ച രാത്രിയാണ് വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തിയ സംഭവം അരങ്ങേറിയത്
വാരണാസി: ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കി. പരിശോധനകൾക്ക് ശേഷം, സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കി ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിൽ ടൊറന്റോ നിവാസിയായ യോഹനാഥൻ നിഷാന്തിനെ (23) ഫൂൽപൂർ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വാരണാസി വിമാനത്താവളത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം അരങ്ങേറിയത്.
ഭീഷണിയെ തുടര്‍ന്ന്, വിമാനം റൺവേയിൽ നിന്ന് അടിയന്തിരമായി വിമാനത്താവളത്തിന്റെ ഏപ്രണിലേക്ക് മാറ്റി. സിഐഎസ്എഫും ബോംബ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഎസ്) മണിക്കൂറുകളോളം പരിശോധിച്ച ശേഷം ഞായറാഴ്ച രാവിലെയാണ് വിമാനം പുറപ്പെടാൻ അനുവദിച്ചത്. യോഹനാഥൻ മദ്യപിച്ചിരുന്നതായി ഇൻസ്പെക്ടർ പ്രവീൺ കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കാനഡ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
ബിഡിഎസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും നടത്തിയ തീവ്രമായ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തയെന്ന് ഡിസിപി (ഗോമതി സോൺ) ആകാശ് പട്ടേൽ പറഞ്ഞു. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ നിഷാന്ത് സീറ്റിൽ നിന്ന് എഴുന്നേറ്റു. ക്യാബിൻ ക്രൂ തിരികെ സീറ്റിലിരിക്കാൻ പറഞ്ഞപ്പോൾ, അദ്ദേഹം പ്രകോപിതനായി. ചില മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുപറയുകയും,തന്റെ ബാഗേജിൽ ഒരു ബോംബുണ്ടെന്നും വിളിച്ചുപറയുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
