ബംഗളൂരു: 'സുഹൃത്തിന്റെ സഹായഭ്യര്‍ത്ഥന' ഇടം വലം നോക്കാതെ സ്വീകരിച്ച് പണമയച്ച ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ബംഗളൂരു കിംസ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവിയായ ഡോ ലക്ഷ്മി പണ്ഡിറ്റാണ് തട്ടിപ്പിനിരയായത്. അടിയന്തിര സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുളള സുഹൃത്തിന്റെ മെയിലെന്നു കരുതി അതില്‍ നല്‍കിയ അക്കൗണ്ടിലേക്ക് ഡോ ലക്ഷ്മി എന്‍ ഇ എഫ് ടി വഴി പണം അയക്കുകയായിരുന്നു. 

പിന്നീട് സുഹൃത്തിനെ വിളിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സുഹൃത്ത് അറിയിച്ചു. യുവതി നല്‍കിയ പരാതിയില്‍ ഐടി ആക്ട് പ്രകാരം വിവി പുരം പോലീസ് കേസെടുത്തിട്ടുണ്ട്. പണമയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐപി അഡ്രസും പിന്തുടര്‍ന്ന് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .

ഒട്ടേറ സൈബര്‍ കുറ്റകൃത്യങ്ങളാണ് പ്രതിദിനമെന്നോണം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടു ദിവസം മുന്‍പാണ് 800 രൂപയ്ക്ക് ഓണ്‍ലൈന്‍ ആയി കുര്‍ത്ത വാങ്ങിയ യുവതിയ്ക്ക് 80000 രൂപ നഷ്ടമായത്. പേ ടിഎം അംഗീകൃത ലോട്ടറി അടിച്ചെന്ന വാഗ്ദാനം നല്‍കി ബംഗളൂരുവില്‍ ഐടി ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ യുവാവും കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായിരുന്നു. 28000 രൂപയുടെ ഐ ഫോണിന് 1 ലക്ഷം രൂപ നല്‍കേണ്ടി വന്നുവെന്നാണ് പരാതി. 

വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍  ആശങ്കാകുലരാണ് സൈബര്‍ പോലീസ്. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ബംഗളൂരുവിലാണ്. 2019 ല്‍ സംസ്ഥാനത്ത്് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8495 കേസുകളില്‍ 7516 എണ്ണവും ബംഗളൂരുവിലാണ്.