ബൈക്ക് യാത്രികനായ വികാസ് കുമാർ എസ്.ജെയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. എഫ്.ഐ.ആർ പ്രകാരം, ഏപ്രിൽ 21 ന് രാവിലെ 6.20 ഓടെയാണ് സംഭവം നടന്നത്.
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നെന്ന പരാതിയിൽ ട്വിസ്റ്റ്. വിങ് കമാൻഡർ ശൈലാദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായതെന്നാണ് ഇരുവരും പരാതി നൽകിയത്. എന്നാൽ, ശൈലാദിത്യബോസ് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാരോപിച്ച് ബൈക്ക് യാത്രികൻ രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. തുടർന്ന് ആദിത്യ ബോസിനെതിരെ കൊലപാതകശ്രമം, പ്രകോപനമില്ലാതെയുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
വിങ് കമാൻഡർ ശൈലാദിത്യ ബോസ് ഉന്നയിച്ചത് വ്യാജ ആരോപണങ്ങളെന്ന് വ്യക്തമായി. ശൈലദിത്യ ബോസാണ് വഴിയിലൂടെ പോയ ഓൺലൈൻ ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ചതെന്ന് വ്യക്തമായി. യുപി സ്വദേശി വികാസ് കുമാറിനാണ് ക്രൂരമർദ്ദനമേറ്റത്.
ബൈക്ക് യാത്രികനായ വികാസ് കുമാർ എസ്.ജെയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. എഫ്.ഐ.ആർ പ്രകാരം, ഏപ്രിൽ 21 ന് രാവിലെ 6.20 ഓടെയാണ് സംഭവം നടന്നത്. ഹരിയാന രജിസ്ട്രേഷൻ പ്ലേറ്റുള്ള ഒരു ചുവന്ന കാർ തന്റെ വഴിയിൽ തടഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്ന് വികാസ് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ ബോസ് തന്നെ അസഭ്യം പറയുകയും കോളറിൽ പിടിച്ചു വലിക്കുകയും അടിക്കുകയും കാറിന്റെ ഡോർ തുറന്ന ശേഷം കൂടുതൽ ആക്രമിക്കുകയും ചെയ്തുവെന്ന് വികാസ് ആരോപിച്ചു. താൻ കന്നഡക്കാരല്ലാത്തതിനാൽ ബൈക്ക് യാത്രികൻ തങ്ങളെ അധിക്ഷേപിച്ചുവെന്നാണ് ബോസും ഭാര്യയും വീഡിയോയിൽ അവകാശപ്പെട്ടിരുന്നത്.
ബൈക്ക് യാത്രികൻ എന്റെ നെറ്റിയിൽ ഒരു താക്കോൽ കൊണ്ട് അടിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു. ബൈക്ക് യാത്രികൻ അമിത വേഗതയിൽ വാഹനമോടിച്ചെന്നും കാറിൽ ഇടിച്ചുവെന്നും മധുമിത പരാതിയിൽ ആരോപിച്ചു. വികാസ് കുമാറിന്റെ കുടുംബവും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. 6.30 ഓടെ തന്റെ മകൻ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് സംഘർഷമുണ്ടായതെന്ന് അമ്മ ജ്യോതി പറഞ്ഞു.
ഓഫീസറുടെ കാർ എന്റെ മകന്റെ ബൈക്കിൽ തട്ടി. ചോദ്യം ചെയ്തപ്പോൾ ആക്രമിച്ചു. പ്രതിരോധിക്കാനായി കൈ ഉയർത്തിയപ്പോൾ താക്കോലുകൾ അബദ്ധത്തിൽ അയാളുടെ മേൽ തട്ടി. സംഭവത്തിന് കന്നഡ ഭാഷാ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ദമ്പതികൾ സിവി രാമൻ നഗറിലെ ഡിആർഡിഒ കോളനിയിൽ നിന്ന് കാറിൽ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് സംഭവം.
