ദിവസങ്ങളോളം ഒളിവിൽ, പക്ഷേ രക്ഷയില്ല! മാളിൽ യുവതിയെ കയറിപ്പിടിച്ച ആളെ കിട്ടി, അധ്യാപകൻ; വിവരങ്ങൾ പുറത്ത്
കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായൺ സ്ത്രീകളെ അനുചിതമായി സ്പർശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെയധികം പ്രചരിച്ച വീഡിയോ ആയിരുന്നു മാളിനുള്ളിൽ യുവതിയോട് അതിക്രമം കാണിക്കുന്നയാളുടെ വീഡിയോ. വലിയ തോതിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ബെംഗളുരുവിലെ മാളിലായിരുന്നു സംഭവമെന്ന് വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയോളമാകുമ്പോൾ ബെംഗളൂരുവിൽ നിന്നും പുറത്തുവരുന്ന വാർത്ത, മാളിനുള്ളിൽ യുവതിയെ കയറിപ്പിടിച്ചയാളെ കിട്ടി എന്നതാണ്.
ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഗോപാൽപുരയിലെ മാളിൽ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഈ പ്രതി ഒരു അധ്യാപകനായിരുന്നു എന്ന വിവരവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ദാസറഹള്ളി അഗ്രഹാര സ്വദേശിയും ആർ ആർ നഗറിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്നു അശ്വത് നാരായൺ (60) ആണ് യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതെന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും കേസെടുക്കുകയും ചെയ്തതോടെ ഇയാൾ ഒളിവിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രാദേശിക കോടതിയിൽ കീഴടങ്ങിയെന്നും പൊലീസ് പറയുന്നു. മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായൺ സ്ത്രീകളെ അനുചിതമായി സ്പർശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നാരായണിനെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാൾ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ പീനൽ കോഡ് (ഐ പി സി) സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 354 എ (ലൈംഗിക പീഡനവും ലൈംഗികപീഡനത്തിനുള്ള ശിക്ഷയും), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരമാണ് നാരായണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം