തൃശൂരിൽ എൻഡിഎ സ്ഥാനാർഥി ആര്? ഞാനായിരിക്കില്ല, സുരേഷ് ഗോപിയുടെ കാര്യത്തിൽ പാർട്ടി തീരുമാനം അറിയില്ല: മുരളീധരൻ
സുരേഷ് ഗോപി ജനകീയ വിഷയങ്ങളിലാണ് ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും വി മുരളീരൻ

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. താനായിരിക്കില്ല ബി ജെ പിക്ക് വേണ്ടി തൃശൂരിൽ പോരാട്ടത്തിനിറങ്ങുന്നതെന്ന് പറഞ്ഞ മുരളീധരൻ, തന്നോട് തൃശൂരിൽ മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടില്ലെന്നും വിവരിച്ചു. സുരേഷ് ഗോപി ആയിരിക്കുമോ സ്ഥാനാർത്ഥി എന്ന് തനിക്കറിയില്ലെന്നും പാർട്ടി നേതൃത്വം ചിലപ്പോൾ സുരേഷ് ഗോപിയോട് മത്സരിക്കാൻ പറഞ്ഞു കാണുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേഷ് ഗോപി ജനകീയ വിഷയങ്ങളിലാണ് ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും വി മുരളീരൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മണിപ്പൂര്‍ വിഷയത്തില്‍ തൃശ്ശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി എന്നതാണ്. തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് ബി ജെ പി നേതാവ് കൂടിയായ സിനിമാ താരം സുരേഷ് ഗോപി പ്രതികരിച്ചത്. തന്റെ പുതിയ സിനിമയായ ഗരുഡന്‍റെ പ്രദര്‍ശനം കാണാനൻ തൃശൂരിലെ തീയറ്ററിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്. തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എത് വിഷയത്തിലും സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങളുടെ പിന്നിൽ ആരാണ് ഉള്ളതെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കും സുരേഷ് ഗോപിക്കും എതിരേയാണ് കഴിഞ്ഞ ദിവസം തൃശ്ശൂർ അതിരൂപത മുഖപത്രം ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
സഭാ നേതൃത്വുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ നടത്തിയ പദയാത്രയുടെ സമാപനത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമർശമാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനത്തിനു കാരണമായത്. മണിപ്പൂരിലും യു പിയിലും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി പദയാത്രയുടെ സമാപനത്തിനിടെ പറഞ്ഞത്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നാണ് തൃശ്ശൂർ അതിരൂപത മുഖപത്രം ചോദിച്ചത്.