ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്  ബോംബ് ഭീഷണി സന്ദേശം. ഡ്യൂട്ടി സമയത്തിന് ശേഷം മുൻ ഭാര്യയെ സഹപ്രവർത്തകർ ശല്യപ്പെടുത്തിയാൽ മെട്രോ സ്റ്റേഷനിൽ ബോംബ് വെക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു: തന്റെ മുൻ ഭാര്യക്ക് അസ്വസ്ഥതയുണ്ടാക്കും വിധം പ്രവർത്തിച്ചാൽ മെട്രോ സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഭീഷണി സന്ദേശം ലഭിച്ചു. നവംബർ 13 ന് രാത്രിയാണ് ഔദ്യോഗിക മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ‘ശ്രദ്ധിക്കൂ, ഡ്യൂട്ടി സമയത്തിന് ശേഷവും മറ്റ് മെട്രോ ജീവനക്കാർ എന്റെ മുൻഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ഒരു മെട്രോ സ്റ്റേഷനിൽ ബോംബിടും. കർണാടകക്കാർക്കെതിരെ തീവ്രവാദിയോളം പോന്ന ദേശീയവാദിയാണ് ഞാൻ.’- ഭീഷണി സന്ദേശത്തിൽ പറയുന്നു. മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ ഭീഷണി സന്ദേശം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈയടുത്തിടെ, ബെംഗളൂരുവിലുടനീളമുള്ള സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച വനിതാ ടെക്കിയെ അഹമ്മദാബാദിൽ നിന്നും പിടികൂടിയിരുന്നു. തന്നെ വിവാഹം കഴിക്കാൻ തയ്യാറാവാതിരുന്ന കാമുകന്റെ പേരിലാണ് യുവതി ഈ സന്ദേശങ്ങളെല്ലാം അയച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഡൽഹി, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ മറ്റ് നഗരങ്ങളിലേക്കും വ്യാജ ബോംബ് ഭീഷണി മെയിലുകൾ അയച്ചതായി യുവതി വെളിപ്പെടുത്തുകയുണ്ടായി.