മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചു. യാത്രക്കാരെ പുറത്തിറക്കി നടത്തിയ വിശദമായ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
മുംബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാൻഡ് ചെയ്തയുടൻ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ഭീഷണി സന്ദേശം ലഭിച്ചതോടെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്.
ഇമെയിലിൽ ഉച്ചയ്ക്ക് ശേഷം 3:40 നും 3:45 നും ഇടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരെ പുറത്തിറക്കി സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ഉടൻ ബോംബ് സ്ക്വാഡിനെ വിളിച്ചു. വാരണാസിയിലേക്കുള്ള വിമാനങ്ങളിലൊന്നിന് ഭീഷണി സന്ദേശം ലഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. പ്രോട്ടോകോൾ അനുസരിച്ച്, സർക്കാർ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ (ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി) ഉടൻ അറിയിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ഭീഷണി വ്യാജമായിരുന്നുവെന്ന് ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി കണ്ടെത്തി. ഇൻഡിഗോ എയർലൈൻസനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ദില്ലി ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

