ബെംഗളൂരു; പാക് സ്വദേശികളെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള  വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരു പോലീസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെ എസ് ജി പാളയയിലാണ് സംഭവം. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രാത്രി ഒരുമണിക്ക് ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് അപ്രതീക്ഷിതമായി പോലീസ് ചോദ്യം ചെയ്തത്. ഇവരെ പോലീസ് സംഘം തടഞ്ഞുവെയ്ക്കുകയും പേരുവിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. മുസ്ലിമാണെന്നു മനസ്സിലായ ഉടനെ പോലീസുകാരുടെ അടുത്ത ചോദ്യം പാകിസ്ഥാന്‍ സ്വദേശികളാണോ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം തല്ലി ചതച്ച വിദ്യാര്‍ത്ഥികളെ ബന്ധുക്കളെത്തിയാണ് വിട്ടയച്ചത്.

 

 

സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പറയുന്നതിങ്ങനെ:
ഇക്രമും (18) (പേരുകള്‍ സാങ്കല്‍പ്പികം) രണ്ടു സുഹൃത്തുക്കളും ഏകദേശം ഒരു മണിയോടടുത്താണ് ചായ കുടിക്കാനായി എസ് ജി പാളയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ സമയത്ത് ഇക്രമിന്റെ സഹോദരന്‍  സെയ്ഫും  മറ്റു രണ്ടു സുഹൃത്തുക്കളും അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. പുറത്തിറങ്ങി അല്‍പ്പ സമയത്തിനു ശേഷം ഇക്രം സഹായത്തിനായി വിളിച്ചതുകേട്ടാണ് സുഹൃത്തുക്കളുമായി സ്ഥലത്തെത്തിയതെന്ന് സെയ്ഫ് പറയുന്നു. രണ്ടു പോലീസുകാര്‍  തടഞ്ഞുവെയ്ക്കുകയും അസമയത്ത് റോഡില്‍ എന്തുചെയ്യുകയാണെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പരിശോധിച്ചതിനു ശേഷം ഒരു പോലീസുകാരന്‍ തങ്ങള്‍ പാക് സ്വദേശികളാണോ എന്നു ചോദിച്ചതായി സൈഫ് പറയുന്നു. തങ്ങള്‍ ഈയിടെ നഗരത്തില്‍ നിന്ന് തീവ്രവാദികളെന്നു സംശയിക്കുന്നവരെ അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പൊലീസ് ഒരാളുടെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുകയും പരിശോധിക്കുകയും ചെയ്തു. വാറന്റ് ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോള്‍ വാറന്റ്് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നു പറയുകയായിരുന്നു. അപ്പോഴെല്ലാം തങ്ങളോടവര്‍ പാകിസ്ഥാനികളാണോ എന്നു ചോദിച്ചുകൊണ്ടിരുന്നതായി സെയ്ഫ് പറയുന്നു. ഇതിനിടെ ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് ശാസിക്കുകയും ചെയ്തു. പൊതുസ്ഥലമാണിതെന്നും തനിക്ക് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശം ഉണ്ടെന്നുമായിരുന്നു അയാളുടെ പ്രതികരണം.

ഏകദേശം ഒന്നരയോടെ തങ്ങളെ എസ് ജി പാളയ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.ആദ്യം മയത്തില്‍ സംസാരിച്ചെങ്കിലും പിന്നെ ലാത്തിയെടുത്തു. അവര്‍ പേടിപ്പിക്കാനാണ് ലാത്തിയെടുത്തതെന്ന് കരുതിയതെങ്കിലും എല്ലാവരെയും ലാത്തികൊണ്ടടിക്കുകയായിരുന്നു. ഒടുവില്‍ 3.30 ഓടെലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥലത്തെത്തിയശേഷമാണ് എല്ലാവരെയും വിട്ടയച്ചതെന്നും സെയ്്ഫ് പറയുന്നു.

അന്വേഷണത്തിന് ഉത്തരവ്
വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന്  സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയുള്ള വൈറ്റ്ഫീല്‍ഡ് ഡിസിപി എം എന്‍ അനുചേത്  അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എസിപി യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തീവ്രവാദബന്ധമുള്ളവരെന്നു സംശയിക്കുന്നവരെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റുചെയ്തതിനാല്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമകളോട് താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് പോലീസുകാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂരിഭാഗം ഫ്‌ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശകരുടെ വിവരങ്ങളുള്‍പ്പെടെയുളളവ രേഖപ്പെടുത്താറുണ്ടെങ്കിലും ചില ഫ്‌ളാറ്റുകള്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി  പോലീസ് പറയുന്നു.