ബെംഗളൂരുവിലെ കൂട്ടക്കൊലയിൽ പ്രതി കെന്നത്ത് എഐയുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവ് ചെയ്യാനും പ്രതി എഐയോട് വിവരങ്ങൾ ചോദിച്ചതായി പൊലീസ് പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരുവിലെ കെ ആർ പുരത്ത് മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവ് ചെയ്യാനും മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) സഹായം തേടിയിരുന്നുവെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. മുഖ്യപ്രതിയായ കെന്നത്ത് എഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസന്വേഷണം ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസിൻ്റെ നിർണായക കണ്ടെത്തൽ. പ്രതിയുടെ ചാറ്റ് ഹിസ്റ്ററിക്കായി പൊലീസ് കമ്പനിയെ സമീപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22നാണ് കെ ആർ പുരം പൊലീസ് പരിധിയിലുള്ള സീഗെബള്ളിയിലുള്ള അപ്പാർട്ട്മെൻ്റിൽ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരെ ആണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ മൂത്തമകളായ ശ്വേത (25), പങ്കാളിയായ കെന്നത്ത് (25) എന്നിവർ ഒളിവിലാണെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൽ പുതുച്ചേരിയിൽനിന്ന് ഇരുവരെയും ജൂൺ 24, 25 തീയതികളിലായി കസ്റ്റഡിയിലെടുത്തു.
പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കെന്നത്തിൻ്റെ എഐ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ആറുമാസത്തോളം പ്രതി കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ എഐയോട് ചോദിച്ചിരുന്നതായാണ് പൊലീസിൻ്റെ കണ്ടെത്തൽ. എങ്ങനെ മൃതദേഹം മറവ് ചെയ്യും, എങ്ങനെ കൊലപാതകം നടത്തും എന്നിങ്ങനെ നേരിട്ട് എഐയോട് ചോദിക്കാതെ മറ്റ് പല ചോദ്യങ്ങളിലൂടെ ആണ് പ്രതി വിവരങ്ങൾ ശേഖരിച്ചത്. "എൻ്റെ വീട്ടിലേക്ക് കള്ളന്മാർ എത്തി, അവരെ എങ്ങനെ ആക്രമിക്കും, എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കണം" തുടങ്ങിയ ചോദ്യങ്ങൾ പ്രതി എഐയോട് ചോദിച്ചതായി പൊലീസ് അറിയിച്ചു.
ക്ലൗഡ് കിച്ചൺ സംരംഭത്തിന് വേണ്ടി വാങ്ങിയ ഇരുമ്പ് ഫർണസ് ഉപയോഗിച്ച് മൃതദേഹങ്ങൾ മറവ് ചെയ്യാൻ പ്രതി ആലോചിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കി പ്രതി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ചില കാര്യങ്ങൾ കെന്നത്ത് ശ്വേതയോട് പറഞ്ഞിരുന്നെങ്കിലും ശ്വേത ഇത് തമാശയാണെന്ന് കരുതിയെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയില്ലാതെ ജീവിക്കാനായി കുടുംബത്തിൻ്റെ പണം കൈക്കലാക്കാനാണ് കെന്നത്ത് ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കെന്നത്തിന് ക്ലൗഡ് കിച്ചൺ ആരംഭിക്കാൻ വേണ്ടി ശ്വേത അമ്മയിൽനിന്ന് 50 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.


