Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ തട്ടിപ്പ്: 800 രൂപയ്ക്ക് കുര്‍ത്ത  വാങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 80000 രൂപ

മൊബൈലില്‍ ഒരു ഇ കോമേഴ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശ്രാവണ 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഉത്പന്നം കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആപ്പില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുകയായിരുന്നു.

Bengaluru Woman orders Rs 800 kurta loses Rs 80 K
Author
Bengaluru, First Published Nov 27, 2019, 5:07 PM IST

ബംഗളൂരു: ഓണ്‍ലൈന്‍ വഴി 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത ബംഗളൂരു സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത് 80000 രൂപ. ബംഗളൂരു ഗൊട്ടിഗെരെ സ്വദേശിയായ ശ്രാവണയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. 

മൊബൈലില്‍ ഒരു ഇ കോമേഴ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശ്രാവണ 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഉത്പന്നം കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആപ്പില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുകയായിരുന്നു. ഉത്പ്പന്നം വൈകാതെ എത്തിക്കുമെന്ന് കസ്റ്റമര്‍ കെയര്‍ ഒഫീഷ്യല്‍ എന്ന വ്യാജേന സംസാരിച്ച വ്യക്തി ഉറപ്പു നല്‍കുകയും അതോടൊപ്പം കുറച്ചു വിശദാംശങ്ങള്‍ കൂടി ആവശ്യമുണ്ടെന്നറിച്ച് ഓണ്‍ലൈന്‍ വഴി യുവതിയ്ക്ക് ഒരു ഫോം അയച്ചു കൊടുക്കുകയും ചെയ്തു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുളളവയും അതിനു ശേഷം മൊബൈലില്‍ വന്ന ഒടിപി നമ്പറും കൈമാറിയതോടെ അക്കൗണ്ടില്‍ നിന്ന് 80000 രൂപ പിന്‍വലിക്കപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 

ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ പലതും സംഭവിക്കുന്നത് ഇതേ കുറിച്ചുളള അവബോധക്കുറവാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. തട്ടിപ്പിനിരയായിക്കഴിഞ്ഞു പരാതി നല്‍കുമ്പോഴേയ്ക്കും തങ്ങളുടെ ജോലി വിദഗ്ദമായി ചെയ്ത് ഇവര്‍ മുങ്ങിയിരിക്കും. വ്യാജ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ തട്ടിപ്പിനു ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഉടന്‍ നീക്കം ചെയ്യുകയും ചെയ്യും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ ഫോണുകളിലെ പ്ലേ പ്രൊട്ടെക്റ്റ് ഫീച്ചര്‍ ഉപയോഗപ്പെടുത്തണമെന്നും വിദഗ്ദര്‍ പറയുന്നു.  

കണക്കുകള്‍ പ്രകാരം ബംഗളൂരു നഗരത്തില്‍ 2014 ല്‍ 660 സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2019 ല്‍ ഇത് 7,516 ആയി ഉയര്‍ന്നു. വിവിധ കേസുകളില്‍ ഈ വര്‍ഷം 26 പേരെ മാത്രമാണ് അറസ്റ്റു ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios