Asianet News MalayalamAsianet News Malayalam

ബെംഗളൂരുവിൽ പ്രഭാത നടത്തത്തിന് പോയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, അക്രമിയുടെ ദൃശ്യം സിസിടിവിയിൽ

കൂട്ടുകാരിയെ കാത്ത് വീടിന് പുറത്തു നിൽക്കുമ്പോഴാണ് അജ്ഞാതൻ യുവതിക്ക് സമീപമെത്തിയത്.

Bengaluru woman out for morning walk sexually assaulted caught on cctv
Author
First Published Aug 5, 2024, 3:21 PM IST | Last Updated Aug 5, 2024, 3:21 PM IST

ബെംഗളൂരു: പ്രഭാത സവാരിക്ക് പോയ യുവതിക്കു നേരെ ലൈംഗികാതിക്രമം. ബെംഗളൂരു നഗരത്തിലാണ് സംഭവം. അക്രമിയുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. 

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരിയെ കാത്ത് വീടിന് പുറത്തു നിൽക്കുമ്പോഴാണ് അജ്ഞാതൻ യുവതിക്ക് സമീപമെത്തിയത്. പിന്നിലൂടെ എത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ നോക്കിയപ്പോൾ വീണ്ടും ഇയാൾ പിന്നാലെ ചെന്ന് ആക്രമിച്ചു. ഇതിനിടെ യുവതി സഹായത്തിനായി അലറി വിളിച്ചപ്പോൾ അജ്ഞാതൻ വായ പൊത്തിപ്പിടിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. യുവതി ചെറുത്തുനിന്നതോടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.  

രാജസ്ഥാൻ സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. എല്ലാ ദിവസവും രാവിലെ യുവതി നടക്കാൻ പോകുമായിരുന്നു. വെള്ള ഷർട്ടും പാന്റുമാണ് അക്രമി ധരിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 76, 78, 79 എന്നിവ പ്രകാരം അക്രമിക്കെതിരെ കേസെടുത്തതായും ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സൗത്ത് ഡിസിപി ലോകേഷ് ജഗലാസർ പറഞ്ഞു. കൂടുതൽ പോലീസ് പട്രോളിംഗ് ആവശ്യമുള്ള സ്ഥലങ്ങളിൽ പരിശോധിച്ച് ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios