ചില കണ്ടെയ്നറുകളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനവുമുണ്ട്. യാത്രയിലുടനീളം താപനിലയും പരിസ്ഥിതിയും മാറുന്നതിനാൽ, തീവ്രമായ ചൂടും ഈർപ്പവും കണക്കിലെടുത്ത് ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

കന്യാകുമാരി: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീളുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുമ്പോള്‍ ഇനിയുള്ള 150 ദിവസങ്ങള്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങുക കണ്ടെയ്നറിനുള്ളില്‍. ഭാരത് ജോഡോ യാത്രക്കായി ഏകദേശം 60ഓളം പ്രത്യേകം ക്രമീകരണങ്ങളുള്ള കണ്ടെയ്നറുകളാണ് സജ്ജമായിട്ടുള്ളത്. ഇവ കന്യാകുമാരിയില്‍ എത്തിച്ച് കഴിഞ്ഞു. കിടക്കകള്‍, ശുചിമുറുകള്‍ ഉള്‍പ്പെടെ കണ്ടെയ്നറിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ചില കണ്ടെയ്നറുകളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനവുമുണ്ട്. യാത്രയിലുടനീളം താപനിലയും പരിസ്ഥിതിയും മാറുന്നതിനാൽ, തീവ്രമായ ചൂടും ഈർപ്പവും കണക്കിലെടുത്ത് ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. 117 നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ അനുഗമിക്കുന്നത്. ഇവര്‍ രാഹുലിനൊപ്പം തന്നെ കണ്ടെയ്നുകളില്‍ തന്നെയാണ് താമസിക്കുക. യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുമായി രാഹുൽ സംവദിക്കും.

രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാർ , ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത 117 കോൺഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം 3500 കിലോമീറ്റർ പദയാത്രയ്ക്കൊപ്പം ചേരുന്നത്. ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന അവസ്ഥ, കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്.

ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്. ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിൽ ആയി. ദിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. 

'വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം'; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ