Asianet News MalayalamAsianet News Malayalam

'വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം'; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ

സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. 

Rahul Gandhi says  I lost my father to the politics of hate and division
Author
First Published Sep 7, 2022, 9:53 AM IST

ദില്ലി: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ശ്രീപെരുമ്പത്തൂരിലെത്തിയ രാജീവ്ഗാന്ധി ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.

Also Read: കന്യാകുമാരി-കശ്മീർ, 3500 കീമി പദയാത്ര, രാഹുലിനൊപ്പം 118 നേതാക്കൾ; ഭാരത് ജോഡോ യാത്ര ചരിത്ര ദൗത്യമെന്ന് കോൺഗ്രസ്

ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ദിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. അർജുൻ സമ്പത്തിനെ തമിഴ്നാട് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.

രാഹുൽ ഗാന്ധി യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിലെന്ന് അസം മുഖ്യമന്ത്രി

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർട്ടി നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര പാകിസ്ഥാനിലാണ് നടത്തേണ്ടതെന്ന് ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു. 1947ൽ കോൺഗ്രസിന്റെ കീഴിൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഇനി 'ഭാരത് ജോഡോ യാത്ര'ക്കായി കോൺഗ്രസ് പാകിസ്ഥാനിലേക്ക് പോകണം. ഇന്ത്യ ഒറ്റക്കെട്ടായതിനാൽ രാഹുൽ ഗാന്ധി ഈ യാത്ര പാകിസ്ഥാനിൽ നടത്തണമെന്നുമാണ് ഹിമന്ത ബിശ്വ ശർമ്മ ആഞ്ഞടിച്ചത്. 

Follow Us:
Download App:
  • android
  • ios