ബിജെപി നേതാക്കള്‍ നാടൊട്ടുക്ക് പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നോട്ടീസ് നല്‍കി യാത്ര അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ദില്ലി: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഭാരത് ജോഡോ യാത്ര തുടരുമന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ നാടൊട്ടുക്ക് പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നോട്ടീസ് നല്‍കി യാത്ര അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എഐസിസിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗവും യാത്രയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന നേതാക്കള്‍ നല്‍കി.
ജോഡോ യാത്രക്ക് നോട്ടീസ് നല്‍കിയ സാഹചര്യം പാര്‍ലമെന്‍റില്‍ ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും, പ്രള്‍ഹാദ് ജോഷിയും കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ചു. ദേശീയ പാര്‍ട്ടിയാണെന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് മറക്കരുതെന്നും, യാത്ര അവസാനിക്കാന്‍ ഒരു മാസം കൂടി അവശേഷിക്കേേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെ മുന്‍പോട്ട് പോകുമെന്നും മന്ത്രിമാര്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രതിരോധം കടുപ്പിക്കുമ്പോള്‍ സര്‍ക്കാരും പിന്നോട്ടില്ലെന്ന സൂചനയാണ് മന്ത്രിമാര്‍ നല്‍കുന്നത്.
അതേസമയം, ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. വലിയ ആൾക്കൂട്ടങ്ങളൊഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
