Asianet News MalayalamAsianet News Malayalam

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

സംഭവത്തില്‍ റിട്ട. പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

bharathiar university campus elephant attack security guard dies
Author
First Published May 23, 2024, 7:46 PM IST

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല ക്യാമ്പസിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കോയമ്പത്തൂര്‍ സ്വദേശിയായ 57കാരന്‍ ഷണ്‍മുഖനാണ് കൊല്ലപ്പെട്ടത്. 

വനാതിര്‍ത്തിയോട് ചേര്‍ന്ന ക്യാമ്പസില്‍ വ്യാഴാഴ്ച രാവിലെയാണ് കാട്ടാന കൂട്ടം പ്രവേശിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ കാട്ടിലേക്ക് തുരത്തി വിട്ടു. ശേഷം ഇവര്‍ മടങ്ങി. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ രണ്ട് കാട്ടാനകള്‍ വീണ്ടും ക്യാമ്പസില്‍ പ്രവേശിച്ചു. ഇവയെ തുരത്താന്‍ ശ്രമിക്കുമ്പോഴാണ് കാട്ടാനകളിലൊന്ന് ഷണ്‍മുഖന് നേരെ തിരിഞ്ഞതും അക്രമിച്ചതുമെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തില്‍ റിട്ട. പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഷണ്‍മുഖന്റെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

അതേസമയം, തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ സത്യമംഗലം ടൈഗര്‍ റിസര്‍വ്വിലെ കാട്ടാനകളുടെ സെന്‍സസ് നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഏകദേശം 300 ഉദ്യോഗസ്ഥരെയാണ് മൂന്ന് ദിവസം നീണ്ട കണക്കെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് സെന്‍സസ് നടക്കുന്നത്. ശനിയാഴ്ച അവസാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അമ്പലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
 


 

Latest Videos
Follow Us:
Download App:
  • android
  • ios