ഭോപ്പാൽ: കാമുകനൊപ്പം ജീവിക്കാൻ ഭാര്യക്ക് വിവാഹമോചനം നൽകാൻ കുടുംബ കോടതിയെ സമീപിച്ച് ഭർത്താവ്. ഭോപ്പാലിലെ കോലാർ എന്ന സ്ഥലത്താണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ മഹേഷാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മഹേഷ് ഫാഷൻ ഡിസൈനറായ സം​ഗീതയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കാമുകനുമായുള്ള ബന്ധത്തെ എതിർത്ത സം​ഗീതയുടെ അച്ഛൻ മഹേഷിനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് തന്റെ കാമുകനായിരുന്ന യുവാവ് വിവാഹമേ വേണ്ടെന്ന് വച്ച് ജീവിക്കുന്ന വിവരം സം​ഗീത അറിയുന്നത്. ഇതോടെ സം​ഗീതയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒന്നിനോടും താല്പര്യമില്ലാതെ ഒതുങ്ങികൂടി നടന്നു. ഇത് പലപ്പോഴും മഹേഷും സം​ഗീതയും തമ്മിലുള്ള വഴക്കുകൾക്ക് കാരണമായി. 

ഒടുവിൽ കാമുകന്റെ അടുത്തേക്ക് മടങ്ങാനും കുടുംബത്തെ ഉപേക്ഷിക്കാനും സം​ഗീത തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കുടുംബ കോടതിയിൽ എത്തിയപ്പോൾ ഇരുവരെയും കൗൺസിലിംഗിന് വിളിപ്പിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചുവെങ്കിലും സം​ഗീത കാമുകനുമായി ജീവിക്കാൻ ആഗ്രഹിക്കുകയായിരുന്നുവെന്ന് മഹേഷ് പറയുന്നു.

ഈ പ്രശ്നം തന്റെ മക്കളെ പ്രതികൂലമായി ബാധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നും മഹേഷ് പറഞ്ഞു. മക്കളെ തനിക്ക് വേണമെന്ന് മഹേഷ് കോടതിയെ അറിയിച്ചിട്ടുണ്ട്. സംഗീതക്ക് എപ്പോൾ വേണമെങ്കിലും മക്കളെ വന്ന് കാണാമെന്നും മഹേഷ് കോടതിയിൽ പറഞ്ഞു.