ലഖ്നൗ: ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്ത അധ്യാപകന്‍ ജോലിയില്‍ തിരികെയെത്തിയതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. ബാനറുകളും പോസ്റ്ററുകളുമായി ക്യാമ്പസ് കവാടത്തിന് സമീപം സംഘടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 

 #misogynistVC" എന്നെഴുതിയ കറുത്ത ബാനറും മുദ്രാവാക്യങ്ങളുമായി രാവിലെ വരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ഇതിന്‍റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തതിനാണ് ജീവശാസ്ത്ര വകുപ്പിലെ പ്രൊഫസര്‍ ഷെയില്‍ കുമാര്‍ ചൗബെക്കെതിരെ നടപടിയെടുത്തത്.

ജൂണ്‍ മാസത്തില്‍ സസ്പെന്‍ഡ് ചെയ്ത ഇയാള്‍ക്കെതിരെ തുടരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് സര്‍വ്വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സര്‍വ്വകലാശാല അധികൃതര്‍ അധ്യാപകനെ തിരിച്ചെടുക്കുകയായിരുന്നു. ക്ലാസ് എടുക്കാന്‍ അധ്യാപകന്‍ എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ ശ്രമിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.