Asianet News MalayalamAsianet News Malayalam

സുരക്ഷാ ജീവനക്കാരനെ മയക്കി കിടത്തി, ജീവനക്കാരെ കെട്ടിയിട്ട് ബാങ്ക് കൊള്ള, 20 കോടി കവര്‍ന്നു

ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപ കവർന്നു. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിൽ ആയിരുന്നു കവര്‍ച്ച.

Big bank robbery in chennai
Author
Chennai, First Published Aug 13, 2022, 6:51 PM IST

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുംപാക്കം ശാഖയിലാണ് കവർച്ച. ജീവനക്കാരന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം, മാനേജരേയും ജീവനക്കാരേയും കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവുമടക്കം 20 കോടിയുടെ കവർച്ചയാണ് നടത്തിയത്.

ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അരുംപാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്. 

സ്വർണപ്പണയമടക്കം പണമിടപാടുകൾ നടത്തുന്ന നടത്തുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ  20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം. ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അണ്ണാ നഗർ ഡിസിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. നഗരത്തിലെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ധ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്.

മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

മധുര: തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാ​ഗരാജന്റെ കാറിന് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.  മധുര വിമാനത്താവളത്തിൽവെച്ചാണ് സംഭവം. ഐപിസി 506, 341, 34 തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മധുര പൊലീസ് കമ്മീഷണർ പറഞ്ഞു. മധുരയിൽ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുകയായിരുന്നു മന്ത്രിയെന്ന് പൊലീസ് പറഞ്ഞു.

ജമ്മു കശ്മീരിലെ രജൗരിയിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികനായ ഡി ലക്ഷ്മണന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു മന്ത്രി. അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. മന്ത്രിയും ഉദ്യോഗസ്ഥരും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും സൈനികന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് പാർട്ടിക്കാർ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനെത്തുടർന്ന് മന്ത്രിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതാണ് ചെരിപ്പേറിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ത്യാഗ രാജൻ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങുമ്പോൾ ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ കാർ തടയുകയും വാഹനത്തിന് നേരെ ചെരിപ്പ് എറിയുകയുമായിരുന്നു. 

Follow Us:
Download App:
  • android
  • ios