പെന്‍ഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേര് നൽകിയില്ലെങ്കിൽ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുംബൈ: 2016 ൽ മുംബൈയിലെ ബൈക്കുള മൃഗശാലയിലെത്തിയതു മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നവരാണ് ഇവിടത്തെ പെൻഗ്വിനുകൾ. 2017 മുതൽ പെൻഗ്വിനുകളെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു തുടങ്ങി. എന്നാലിപ്പോൾ മൃഗശാലയിലെ പെൻഗ്വിനുകൾ വലിയ ചർച്ചയാകുന്നത് അവയുടെ പേരിന്റെ അടിസ്ഥാനത്തിലാണ്. മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങളുടെ പേരിടൽ വലിയ ചർച്ചയാകുകയാണ്. മഹാരാഷ്ട്രയിൽ ജനിച്ച ഡോൾഫിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
മുംബൈയിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടെയാണ് വിവാദം കനക്കുന്നത്. മാർച്ചിൽ റാണിബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് പെൻഗ്വിനുകൾ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. നിലവിൽ സുവോളജിക്കൽ മ്യൂസിയം അഡ്മിനിസ്ട്രേഷൻ ഇവക്ക് നോഡി, ടോം, പിംഗു എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന് ആവശ്യപ്പെട്ട് ബൈക്കുള എംഎൽഎയും ബിജെപി നേതാവുമായ നിലേഷ് ബങ്കർ മൃഗശാല അധികൃതർക്ക് കത്തയച്ചു.
മറാത്തിക്ക് അടുത്തിടെ ക്ലാസിക്കൽ ഭാഷാ പദവി നൽകിയതു കൊണ്ട് തന്നെ പെൻഗ്വിനുകൾക്ക് പേരിടുമ്പോൾ മറാത്തി പേരുകൾക്ക് മുൻഗണന നൽകേണ്ടതായിരുന്നുവെന്നാണ് നിലേഷ് ബങ്കർ അഭിപ്രായപ്പെടുന്നത്. ഈ പെൻഗ്വിനുകൾക്ക് ഇംഗ്ലീഷ് പേരുകൾ നൽകുന്നത് മറാത്തി ഭാഷയോടുള്ള അനീതിയാണെന്നും, ഇത് മറാത്തി ഭാഷയോടുള്ള വെറുപ്പിനെയല്ലേ കാണിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
പെന്‍ഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേര് നൽകിയില്ലെങ്കിൽ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കത്തുകളുടെ കോപ്പി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവക്കടക്കം അയച്ചിട്ടുണ്ടെന്നും ബിജെപി പ്രതികരിച്ചു.


