ഗുജറാത്തിനും മുംബൈയ്ക്കും ഇടയില്‍ കയറിക്കിടക്കുന്ന കടലിടുക്കാണ് ഖംഭത്. ഈ പ്രദേശത്ത് കടലിനടിയില്‍ ഏതാണ്ട് 120 അടി താഴ്ചയില്‍ ഒരു പുരാതന നഗരാവശിഷ്ടം കണ്ടെത്തിയിരുന്നു. 


ഹിന്ദു പുരാണങ്ങളില്‍ കൃഷ്ണന്‍റെ രാജധാനിയെന്ന് അറിയപ്പെട്ടിരുന്ന ദ്വാരക നഗരം കടലിനടിയിലാണെന്നാണ് വിശ്വാസം. ഗുജറാത്ത് തീരത്താണ് ഈ പുരാണ നഗരമെന്ന വിശ്വാസത്തില്‍ ഏറെ കാലമായി ഗുജറാത്ത് തീരത്ത് നിരവധി അന്വേഷണങ്ങൾ നടന്നിരുന്നു. ചില കരിങ്കല്‍ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിരുന്നെങ്കിലും ഇത് ദ്വാരക തന്നെയാണോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ലഭിച്ചിരുന്നില്ല. അതേസമയം ഖംഭത് ഉൾക്കടലിൽ നിന്നും ഒരു പൗരാണിക നഗരത്തിന്‍റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. 

'ഖംഭതിന്‍റെ നഷ്ട നഗരം' എന്നറിയപ്പെടുന്ന ഈ പുരാതന നഗരം ഏകദേശം 9,500 വർഷങ്ങൾക്ക് മുമ്പ് കടലിൽ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. കാംബേ ഉൾക്കടൽ എന്നും അറിയപ്പെടുന്ന ഈ ഉൾക്കടൽ ഗുജറാത്തിൽ അറബിക്കടലിനോട് ചേർന്ന് മുംബൈയ്ക്കും ദിയു ദ്വീപിനും വടക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. 2000-ലാണ് ഈ ജലാന്തര്‍ നഗരാവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. കണക്കുകൾ കൃത്യമെങ്കില്‍‌ രേഖപ്പെടുത്തിയ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നതാണ് ഈ നഷ്ട നഗരത്തിന്‍റെ കണ്ടെത്തല്‍. 

ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ നഗര വ്യവസ്ഥ സിന്ധുനദീതട സംസ്കാരമാണ്. എന്നാല്‍ അതിനേക്കാൾ പഴക്കം ചെന്ന ഒരു നഗര വ്യവസ്ഥ തമിഴ്നാട്ടിലെ വൈഗൈ നദീ തീരത്തെ കീഴാടി ഗ്രാമത്തില്‍ കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ടെത്തിയിരുന്നു. കീഴാടിയുടെ കാലഘണന സംബന്ധിച്ച് ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കീഴാടി ഖനന ഗവേഷകരും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ ദിവസങ്ങളിലാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ഇതിനിടെയാണ് ഖംഭത് നഗരത്തെ കുറിച്ചുള്ള വാര്‍ത്തകൾ വീണ്ടും വരുന്നതെന്നതും ശ്രദ്ധേയമാണ്. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) 2000 ഡിസംബറില്‍ നടത്തിയ ഒരു സമുദ്ര മലിനീകരണ സർവേയിലാണ് ആദ്യമായി ഈ നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച്, ശാസ്ത്രജ്ഞർ കടൽത്തീരത്ത് വലിയ, ജ്യാമിതീയ രൂപങ്ങൾ കണ്ടെത്തി. വെള്ളത്തിൽ മുങ്ങിയ ഒരു നഗരത്തിന്‍റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഘടനകളാണ് അവയെന്ന് പിന്നീട് വ്യഖ്യാനിക്കപ്പെട്ടു. ഏകദേശം 120 അടി താഴ്ചയില്‍ വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ഏകദേശം അഞ്ച് മൈൽ നീളവും രണ്ട് മൈൽ വീതിയുമുണ്ട്.

പിന്നീട് നടന്ന നിരവധി അന്വേഷണങ്ങൾക്കിടെ മൺപാത്രങ്ങൾ, മുത്തുകൾ, പ്രതിമകൾ, മനുഷ്യാവശിഷ്ടങ്ങൾ എന്നിവയടക്കമുള്ള നിരവധി പുരാവസ്തുക്കൾ ഈ പ്രദേശത്ത് നിന്നും കണ്ടെടുത്തു. റേഡിയോ കാർബൺ ഡേറ്റിംഗ് അനുസരിച്ച് ഈ വസ്തുക്കൾക്ക് ഏകദേശം 9,500 വർഷം പഴക്കമാണ് കാണിക്കുന്നത്. അതായത്, ബിസിഇ 2,500 കാലഘട്ടത്തിലെ സിന്ധു നദീതട നാഗരികതയേക്കാൾ വളരെ പഴക്കമുള്ളതാണ് ഖംഭതിലെ നഗരമെന്ന്.

അവസാന ഹിമയുഗത്തിന്‍റെ അവസാനത്തിൽ സമുദ്രനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളത്തിനടിയിലായ ഒരു വികസിത നാഗരികതയുടെതാണ് ഈ സ്ഥലമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ഭൂഗർഭ ശാസ്ത്രജ്ഞനായ ഡോ. ബദ്രിനാരായണൻ അവകാശപ്പെടുന്നു. ഹാരപ്പൻ നാഗരികതയുടെ തൊട്ട് മുമ്പ് ഉണ്ടായിരുന്ന നഗരമായിരിക്കാം ഈ നഷ്ടപ്പെട്ട നഗരമെന്നും അദ്ദേഹം പറയുന്നു. ബിസിഇ 5500 ന് മുമ്പ് ഭൂമിയില്‍ സങ്കീർണ്ണമായ സാമൂഹികാവസ്ഥ നിലനിന്നിരുന്ന സമൂഹങ്ങൾ ഇല്ലായിരുന്നുവെന്ന വാദത്തിനാണ് ഖംഭതിലെ കണ്ടെത്തല്‍ വെല്ലുവിളി ഉയര്‍ത്തിയത്.

അതേസമയം എല്ലാ ഗവേഷകരും ഈ വാദത്തോട് യോജിക്കുന്നില്ല. ഡോ. ഇരാവതം മഹാദേവൻ, ഡോ. അസ്കോ പർപോള തുടങ്ങിയ വിദഗ്ധർ ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നു. ലഭിച്ച ചില ഘടനകൾ മനുഷ്യനിർമ്മിതമാണെന്ന് ഡോ. മഹാദേവൻ സമ്മതിക്കുന്നുണ്ടെങ്കിലും നദികൾ പൂരാതന നിര്‍മ്മിതികൾ സമുദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകളെ കുറിച്ചാണ് അദ്ദേഹം ചോദിക്കുന്നത്. അതേസമയം റോഡിയോ കർബൺ ഡേറ്റിംഗിനെ കുറിച്ച് ഡോ പർപോള സംശയം ഉന്നയിച്ചു. നദിയുടെ, ജലത്തിന്‍റെ സഞ്ചാരഗതിക്ക് അനുസരിച്ച് കല്ലുകൾക്ക് രൂപമാറ്റം സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. സംഗതി എന്ത് തന്നെയായാലും രണ്ട് പതിറ്റാണ്ടിന് ശേഷവും ഖംഭതിലെ കടലാഴങ്ങളിലുള്ളത് മനുഷ്യ നിർമ്മിതമായ പൗരാണിക നഗരമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരത്തിലെത്താന്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.