ടെലികോം കമ്പനികൾ ഇനിമുതൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ട്രായ് വ്യക്തമാക്കി. ഇതോടെ ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്ന അധിക സാമ്പത്തിക ഭാരം ഒഴിവാകും. ഇൻ്റർനെറ്റ് ആവശ്യമില്ലാത്തവർക്കായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും അവതരിപ്പിക്കണം.
ദില്ലി: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്ന വാർത്തയുമായി രാജ്യസഭാ എം.പി രാഘവ് ചദ്ദ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമമനുസരിച്ച് ഇനിമുതൽ ടെലികോം കമ്പനികൾ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഭൂരിഭാഗം കമ്പനികളും 'പ്രതിമാസ പ്ലാൻ' എന്ന പേരിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഒരു വർഷത്തിൽ 12 മാസത്തിന് പകരം 13 തവണ ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യേണ്ടി വരുന്നുണ്ടായിരുന്നു.
ഉപഭോക്താക്കൾ നേരിടുന്ന അധിക സാമ്പത്തിക ഭാരം പാർലമെന്റിൽ താൻ ഉയർത്തിക്കാട്ടിയത് രാഘവ് ചദ്ദ ഓർമിപ്പിച്ചു. പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ 12 റീചാർജുകൾ ചെയ്താൽ മതിയാകും. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാനുകൾ ഉൾപ്പെടെ 30 ദിവസത്തെ കാലാവധിയുള്ള പ്ലാനുകൾ കമ്പനികൾ ലഭ്യമാക്കണം. ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്‌സ് കോളുകളും എസ്.എം.എസും മാത്രം ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ച് ഈ വിഷയം പരിഹരിച്ച കേന്ദ്ര സർക്കാരിനും ട്രായിക്കും രാഘവ് ചദ്ദ നന്ദി അറിയിച്ചു. ഈ മാറ്റം രാജ്യത്തെ ദശലക്ഷക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുമെന്നും രാഘവ് ഛദ്ദ പ്രതികരിച്ചു.


