ജനസംഖ്യാ നിയന്ത്രണത്തിന് നിയമ സംവിധാനം കൊണ്ടുവരുന്നതിനുള്ള മറ്റ് സംസ്ഥാനങ്ങളുടെ നീക്കത്തേക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല്‍ ഇത്രയും കാലത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മനസിലാവുന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വഴി ജനസംഖ്യയെ നിയന്ത്രിക്കാനാവുമെന്നാണ്

ജനസംഖ്യാ നിയന്ത്രണത്തിന് നിയമങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനസംഖ്യാ വര്‍ധനവ് നേരിടാന്‍ നിയമം കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. ജനസംഖ്യാദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

ജനസംഖ്യാ നിയന്ത്രണത്തിന് നിയമ സംവിധാനം കൊണ്ടുവരുന്നതിനുള്ള മറ്റ് സംസ്ഥാനങ്ങളുടെ നീക്കത്തേക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാല്‍ ഇത്രയും കാലത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മനസിലാവുന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വഴി ജനസംഖ്യയെ നിയന്ത്രിക്കാനാവുമെന്നാണ്. ജനതാ കേ ദര്‍ബാര്‍ മേ മുഖ്യമന്ത്രി എന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു പ്രതികരണം. വിദ്യാഭ്യാസം നേടിയ ആളുകള്‍ പോലും കുടുംബാസൂത്രണം പ്രാവര്‍ത്തികമാക്കാന്‍ പരാജയപ്പെടുന്നത് കാണുന്നുണ്ട്. എന്നാലും നിയമത്തിലൂടെ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ടതാണ് അതെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.

ചൈനയെ നോക്കുക. ഒറ്റക്കുട്ടി നിയമവുമായി വന്ന ചൈന ഇപ്പോള്‍ അത് തിരുത്തി, തിരുത്തലുകള്‍ വരുത്തിക്കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ബിഹാറിലെ പ്രത്യുല്‍പാദന നിരക്കില്‍ വലിയ കുറവാണുള്ളത്. ഇതിന് നന്ദി പറയേണ്ടത് പെണ്‍കുട്ടികളെ സ്കൂളിലെത്തിക്കാനായി നടന്ന പ്രയത്നങ്ങളോടാണ്. സ്കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം തേടാന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ പ്രേരണ മൂലമാണ്. രണ്ട് കുട്ടികളില്‍ അധികമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും അടക്കം നിഷേധിക്കാനുള്ള കരട് നിയമത്തിന്‍റെ ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona