ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദില്ലി: ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ജെഡിഎയു സംസ്ഥാന അധ്യക്ഷൻ. ബിഹാറില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് ജെഡിയു രംഗത്തെത്തിയത്. ഇതിനിടെ, അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാര്‍ ഇന്ന് രാജ്ഭവനിലെത്തി. രാജ്ഭവനില്‍ സാംസ്കാരിക പരിപാടിയില്‍ പങ്കെടക്കാനാണ് രാജ്ഭവനിലെത്തിയത്. ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെഡിയു ഇന്ത്യ സഖ്യത്തില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പറഞ്ഞു. സഖ്യത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികരണവുമായി ആര്‍ജെ‍ഡിയും രംഗത്തെത്തി. ജനങ്ങളുടെ സംശയം മാറ്റണമെന്നും ഇപ്പോഴത്തെ പ്രചാരണങ്ങളില്‍ നിതീഷ് കുമാര്‍ തന്നെ വ്യക്തത വരുത്തണമെന്നും മാനോജ് ഝാ എംപി പറഞ്ഞു.

അതേസമയം,എന്‍ഡിഎയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ജെഡിയു ഫോര്‍മുലയായി മുന്നോട്ടു വെച്ചിട്ടുണ്ട്. നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഞായറാഴ്ച വരെയുള്ള നിതീഷ് കുമാറിന്‍റെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഫോര്‍മുല ബിജെപി അംഗീകരിച്ചാല്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തില്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്. എന്‍ഡിഎയുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബിഹാറിൽ വീണ്ടും ബിജെപി സഖ്യസർ‍ക്കാർ? കളം മാറാനൊരുങ്ങി നിതീഷ് കുമാര്‍, ഫോര്‍മുല ഇങ്ങനെ

Asianet News Live | Malayalam News Live | Kerala Assembly | Election 2024 | #Asianetnews