2020-ലെ തിരഞ്ഞെടുപ്പ് കൃത്രിമം ഇത്തവണ ആവർത്തിച്ചില്ലെങ്കിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്. ജനങ്ങൾ എൻഡിഎ സർക്കാരിനെ പുറത്താക്കാൻ തീരുമാനിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ മഹാസഖ്യത്തിന്റെ വിജയം ഉറപ്പിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. 2020ലെ തെറ്റ് ഇത്തവണ ആവർത്തിക്കരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണൽ പ്രക്രിയയിൽ ഭരണഘടനാ വിരുദ്ധമോ അന്യായമോ ആയ എന്തെങ്കിലും നടപടികൾ ഉണ്ടായാൽ പൊതുജനങ്ങൾ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഞങ്ങൾ സർക്കാർ രൂപീകരിക്കുകയെന്ന് ഞങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലുമുണ്ട്. അവർ ജാഗ്രത പാലിക്കുന്നുണ്ട്. ഭരണകൂടം 2020 ലെ തെറ്റ് വീണ്ടും ആവർത്തിക്കുകയോ, ആരെങ്കിലും അവരുടെ പരിധി ലംഘിക്കുകയോ, ഭരണഘടനാ വിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ ചെയ്താലോ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആരുടെയെങ്കിലും നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിലോ പൊതുജനങ്ങൾ ഇടപെടും’. തേജസ്വി പറഞ്ഞു.
വോട്ടെണ്ണലിൽ നിഷ്പക്ഷത ഉറപ്പാക്കണമെന്ന് തേജസ്വി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പരിധി ലംഘിക്കുന്ന ഉദ്യോഗസ്ഥർ, 2020 ലെ എപ്പിസോഡ് ആവർത്തിക്കാൻ ശ്രമിക്കുന്നവർ, അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നവർ, തെറ്റാണ് ചെയ്യുന്നതെന്ന് മറക്കരുത്. നിഷ്പക്ഷമായി വോട്ടെണ്ണൽ ഉറപ്പാക്കണമെന്നും ജനവിധി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഹാറിലെ ജനങ്ങൾ എൻഡിഎ സർക്കാരിനെ പുറത്താക്കാൻ തീരുമാനിച്ചതായി തേജസ്വി യാദവ് അവകാശപ്പെട്ടു. ദില്ലിയിൽ ഇരിക്കുന്നവരിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെണ്ണൽ വൈകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


