പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിർണായക സാന്നിധ്യമാകുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. ഒരു സീറ്റിൽ വിജയിച്ച പാർട്ടി നാല് സീറ്റുകളിൽ നടത്തുന്ന മുന്നേറ്റം തുടരുകയാണ്. ആർജെഡി-കോൺഗ്രസ് പാർട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എഐഎംഐഎമ്മിലേക്ക് കൂടുതൽ എത്തിയത്. 

മഹാസഖ്യത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ കോൺഗ്രസിനായിരുന്നു സീറ്റ് ലഭിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽ മഹാസഖ്യത്തിന് വെല്ലുവിളിയുയർത്തിയത് എഐഎംഐഎം, ആർഎൽഎസ്പി തുടങ്ങിയ ചെറു പാർട്ടികളുടെ സാന്നിധ്യങ്ങളായിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കാതെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒവൈസിയെ പിന്തുണച്ചെന്നത് ബിഹാറിൽ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.  ചെറുപാർട്ടികളെ ഒപ്പം നിർത്താൻ ശ്രമിക്കാതിരുന്നത് ആർജെഡിക്ക് വലിയ തിരിച്ചടിയായി.  

ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുമ്പോൾ വോട്ടെണ്ണലിൻ്റെ ഓരോ ഘട്ടവും ബിഹാറിൽ സഖ്യങ്ങൾക്ക് അഗ്നിപരീക്ഷയുടേതായിരുന്നു.ആദ്യഫല സൂചനകൾ ആത്മവിശ്വാസത്തെ വാനോളം ഉയർത്തിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ ആർജെഡിക്കും കോൺഗ്രസിനും കാലിടറിയത് മഹാസഖ്യത്തെ അമ്പരപ്പിച്ചു. എൻഡി എയിൽ ജെഡിയു പതറിയെങ്കിലും ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം കരുത്തായി.