ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യോഗം ചേരും. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയിലാണ് യോഗം ചേരുന്നത്. സംസ്ഥാനത്തെ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് യോഗം. ജെഡിയുമായി മുന്നണിയിലാണ് മത്സരിക്കുന്നതെങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ ജെഡിയു നേതാവ് നിതീഷ് കുമാറാണ് ബിഹാര്‍ മുഖ്യമന്ത്രി.  

2015ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്‍ മത്സരിച്ച ബിജെപി ഒറ്റക്ക് 54 സീറ്റുകള്‍ നേടിയിരുന്നു. 81 സീറ്റ് നേടിയ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 70 സീറ്റോടെ ജെഡിയു രണ്ടാമത്തെ കക്ഷിയായി. ജെഡിയുവും ആര്‍ജെഡിയും അടങ്ങുന്ന മഹാസഖ്യമാണ്  അന്ന് അധികാത്തിലേറിയെതെങ്കിലും പിന്നീട് സഖ്യം പിരിഞ്ഞ ജെഡിയു ബിജെപിയുമായി ചേര്‍ന്ന് ആര്‍ജെഡിയെ പുറത്താക്കി ഭരണം തുടര്‍ന്നു. 
2015ല്‍ കാര്യമായ വളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്. ജെഡിയുമായി വേര്‍പിരിഞ്ഞ് ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് 54 സീറ്റ് നേടിയ ബിജെപി വോട്ട് വിഹിതത്തില്‍ 24 ശതമാനത്തോടെ ഒന്നാമതെത്തി.  

ഇത്തവണ മുഖ്യമന്ത്രി സ്ഥാനമാണ് ബിജെപി കണ്ണുവെക്കുന്നത്. സംസ്ഥാന നേതാവ് സുശീല്‍കുമാര്‍ മോദിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ബിജെപി ആവശ്യപ്പെടും. ബംഗാള്‍, കേരളം, തമിഴ്‌നാട് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി മറ്റ് സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കൊവിഡ് പശ്ചാത്തലത്തിലും ബിഹാറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജെഡിയുവും ബിജെപിയും ആവശ്യപ്പെടുന്നത്.