പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്റെ ആരോപണം തള്ളി ബിജെപി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്ന് ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു. ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ  തുടങ്ങിയ പാർട്ടികളാണ് ക്രമക്കേട് ആരോപണവുമായി എത്തിയത്. വോട്ടണ്ണൽ അവസാനഘട്ടത്തിലേക്ക കടക്കവേ പന്ത്രണ്ട് സീറ്റുകളിൽ അട്ടിമറി ശ്രമം നടന്നെന്നാണ് ആര്‍ജെഡി ആരോപണം.

റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. മുന്ഗർ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർത്ഥിയുടെ പോസ്റ്റൽ ബാലറ്റ് ക്യാൻസലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിച്ചു. കോണ്‍ഗ്രസും സമാനമായ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെര.കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐഎം എൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.