പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജൻസുരാജ് പാർട്ടിക്ക് മുൻതൂക്കം ഉണ്ടായെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ കുതിക്കുകയാണ്. ഫലം എണ്ണിത്തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ വ്യക്തമായ ലീഡ് നേടുകയാണ് എൻഡിഎ.
പാറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻഡിഎ കുതിക്കുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജൻസുരാജ് പാർട്ടിക്ക് മുൻതൂക്കം ഉണ്ടായെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ കുതിക്കുകയാണ്. ഫലം എണ്ണിത്തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ വ്യക്തമായ ലീഡ് നേടുകയാണ് എൻഡിഎ. നിലവിൽ 100 സീറ്റ് കടന്നിരിക്കുകയാണ് എൻഡിഎ. ഇന്ത്യ സഖ്യം 76 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തിൽ 100ന് താഴേക്ക് കടന്ന എൻഡിഎ ലീഡ് ഉയർത്തി വീണ്ടും 100ന് മുകളിലേക്ക് കടന്നു.
അതിനിടെ, വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം. സദ്ഭരണം കാഴ്ചവച്ച സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ദില്ലി പാറ്റ്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നാണ് പപ്പു യാദവിൻ്റെ പ്രതികരണം. എൻഡിഎയ്ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും എംപി പ്രതികരിച്ചു.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



