ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി 202 സീറ്റുമായി ഭരണം പിടിച്ചപ്പോൾ മഹാസഖ്യം 34 സീറ്റിലൊതുങ്ങി. എന്നാൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം (22.92%) നേടിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിയുടെ ക്ഷീണത്തിലാണ് മഹാസഖ്യം. തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങിയപ്പോൾ ഇത്രയും വലിയ തിരിച്ചടി തീരെ പ്രതീക്ഷിച്ചതല്ല. 243 അംഗ നിയമസഭയിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 202 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. മഹാസഖ്യം 34 ലേക്ക് ചുരുങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയും തൊട്ടുപിന്നിൽ ജെഡിയുവും ഫിനിഷ് ചെയ്തു. എന്നാൽ പാർട്ടികൾക്ക് കിട്ടിയ വോട്ടുകണക്കിൽ ഈ രണ്ട് പാർട്ടികളെയും പിന്നിലാക്കി ആർജെഡിയാണ് ഒന്നാമതെത്തിയത്.

ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ആർജെഡിക്ക് 22.92 ശതമാനം വോട്ടാണ് സംസ്ഥാനത്ത് ആകെ നേടാനായത്. തൊട്ടുപിന്നിലുള്ള ബിജെപിയുടെ വോട്ട് വിഹിതം 20.14 ശതമാനമാണ്. 2.7 ശതമാനത്തോളം വോട്ടിൻ്റെ വ്യത്യാസമാണ് ഇരു പാർട്ടികളും തമ്മിലുള്ളത്. ജെഡിയുവിന് 19.24 ശതമാനം വോട്ടാണ് ലഭിച്ചത്. നാലാമതുള്ള കോൺഗ്രസിന് പക്ഷെ 8.75 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഐ എംഎല്ലിന് 2.87 ശതമാനവും സിപിഎമ്മിന് 0.62 ശതമാനവും സിപിഐക്ക് 0.76 ശതമാനവും വോട്ടാണ് നേടാനായത്.

സംസ്ഥാനത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 89 സീറ്റിൽ ബിജെപിയും 85 സീറ്റിൽ ജെഡിയുവും മുന്നിലെത്തി. ആർജെഡിക്ക് 25 സീറ്റ് മാത്രമാണ് നേടാനായത്. സീറ്റ് നിലയിൽ നാലാമതെത്തിയത് എൻഡിഎയുടെ ഘടകകക്ഷിയായ എൽജെപി (രാം വിലാസ്) യാണ്. കോൺഗ്രസിന് ആറ് സീറ്റിലേ ജയിക്കാൻ സാധിച്ചുള്ളൂ. എഐഎംഐഎം അഞ്ച് സീറ്റിൽ വിജയിച്ചു. സിപിഐഎംഎൽ 2 സീറ്റിലും സിപിഎം ഒരു സീറ്റിലും ജയിച്ചു.