ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരച്ചടിയാണ് നേരിടുന്നത്. രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ഇത്തവണ ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതായത് കൺവേർഷൻ നിരക്ക് വെറും 10% മാത്രം.
ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പ്രബല ശക്തിയായിരുന്ന കോൺഗ്രസ് ഇപ്പോൾ ബിഹാറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെടുകയാണ്. 1990ൽ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അവസാനമായി ശക്തമായ സാന്നിധ്യമറിയിച്ചിരുന്നത്. എന്നാൽ, ഇതിന് ശേഷം ചിത്രം മാറി. പിന്നീട് ഒരിക്കലും സംസ്ഥാനത്ത് പ്രബല ശക്തിയായി മാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും കൊടുമ്പിരി കൊണ്ട പ്രചരണമാണ് നടത്തിയത്. ഇതിൽ കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ക്യാമ്പയിനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ), വോട്ടർ അധികാർ യാത്ര തുടങ്ങിയ പ്രചരണങ്ങളും നടന്നു. എന്നാൽ, ബിഹാറിൽ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് മതിയാകാതെ വന്നുവെന്നാണ് വ്യക്തമാകുന്നത്. വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും ബിഹാറിലെ വോട്ടർമാർ നേരിടുന്ന പ്രാദേശിക പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘വോട്ട് ചോരി’ ക്യാമ്പയിൻ പരാജയമായി മാറി.
2020 ലെ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 27 സീറ്റുകൾ മാത്രമാണ് നേടാനായത്. കൺവേർഷൻ നിരക്ക് 38% ആയിരുന്നു. എന്നാൽ, ഇത്തവണ പാർട്ടിയുടെ പ്രകടനം ഇതിലും മോശം നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ ദയനീയമായ പ്രകടനം സഖ്യ കക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആർജെഡി) ഒരു ഭാരമായി മാറിയിരിക്കുകയാണെന്ന് തന്നെ പറയാം. ഇത് മഹാസഖ്യത്തെയാകെ പ്രതികൂലമായാണ് ബാധിക്കുന്നത്.
മറുവശത്ത്, നിലവിൽ 190ലധികം സീറ്റുകളുമായി മുന്നിട്ടുനിൽക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2010ൽ 206 സീറ്റുകൾ എൻഡിഎ നേടിയിരുന്നു. ഈ നേട്ടം ഇത്തവണയും എൻഡിഎ ആവർത്തിക്കാനോ മറികടക്കാനോ സാധ്യതയുണ്ടെന്നാണ് ട്രെൻഡുകൾ വ്യക്തമാക്കുന്നത്.


