ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് അധികൃതർ

പട്ന: ബിഹാറിൽ വോട്ടർ പട്ടിക സംബന്ധിയായ വിവാദങ്ങൾ തുടരുന്നതിനിടെ താമസ സ‍ർട്ടിഫിക്കറ്റ് അപേക്ഷയുമായി എത്തിയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമസ്തപൂർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിലാണ് ട്രംപിന്റെ പേരിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷ ഓൺലൈനായി ലഭിച്ചത്. ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനാണെന്നും താമസ സർട്ടിഫിക്കറ്റ് വേണമെന്നുമാണ് ജൂലൈ 29ന് ലഭിച്ച അപേക്ഷ വിശദമാക്കുന്നത്. ആധാർ കാർഡ് നമ്പർ അടക്കമാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ വ്യാജമാണെന്ന് വ്യക്തമായതിനാൽ തള്ളിയതായാണ് അധികൃതർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്.

ഓൺലൈൻ അപേക്ഷയിലെ പേരും ഫോട്ടോയും ട്രംപിന്റേത് തന്നെയാണ് എന്നാൽ മറ്റാരുടേയോ ആധാർ കാർഡിലെ നമ്പറുകൾ തിരുത്തിയാണ് ആധാർ വിവരം നൽകിയിട്ടുള്ളത്. പതിമൂന്നാം വാര്‍ഡ്, ബക്കര്‍പുര്‍ പി.ഒ മൊഹിയുദ്ദീന്‍ നഗര്‍, സമസ്തിപുര്‍, ബിഹാര്‍, എന്ന വിലാസത്തിൽ താമസ സർട്ടിഫിക്കറ്റിനായാണ് വ്യാജ അപേക്ഷ നൽകിയത്. സര്‍ക്കാര്‍ സംവിധാനത്തെ പരിഹസിക്കുന്നതിനായി ആരോ ബോധപൂര്‍വം നടത്തിയ ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

ഐടി നിയമം അനുസരിച്ച് ഗുരുതരമായ കുറ്റമാണിതെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൊഹിയുദ്ദീന്‍ നഗര്‍ സര്‍ക്കിള്‍ ഓഫിസര്‍ ബ്രിജേഷ് കുമാർ ദ്വിവേദി വിശദമാക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും സര്‍ക്കിള്‍ ഓഫിസര്‍ വിശദമാക്കി. സമാനമായ രീതിയിൽ മറ്റ് പല വ്യാജ അപേക്ഷകളും ലഭിച്ചതായും സര്‍ക്കിള്‍ ഓഫിസര്‍ വിശദമാക്കുന്നത്. ശ്രീരാമന്റെ പേരിൽ അടക്കം അപേക്ഷ ലഭിച്ചതായി അധികൃതർ വിശദമാക്കുന്നത്. 

നായയുടേയും കാക്കയുടേയും ചിത്രങ്ങളോട് കൂടിയും അപേക്ഷകളുമെത്തുന്നുണ്ട്. ബിഹാറില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വാര്‍ത്തകള്‍ അടിക്കടി പുറത്തുവരുന്നതിനിടെയാണ് ട്രംപിന്‍റെ താമസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ വൈറലാകുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിക്കടി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം