സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് പിസ ഡെലിവറിക്ക് പോയ പഴയ സഹപാഠിയെ യുവതി കളിയാക്കുന്ന വീഡിയോ. പിന്നാലെ രൂക്ഷ വിമര്‍ശനം. എന്നാല്‍, യുവതിയും സുഹൃത്തുക്കളും വിശദീകരണവുമായി രംഗത്ത്.

തന്റെ പഴയ സഹപാഠി പിസ ഡെലിവറിക്ക് പോകുന്നതിനെയാണ് കളിയാക്കി യുവതി. വീഡിയോ വൈറലായതോടെ വൻ വിമർശനം. ഒരു റോഡിൽ വച്ചാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. പിസ ഡെലിവറിക്കായി പോകുന്ന യുവാവ് തന്റെ ബൈക്കിലിരിക്കുന്നതും വീഡിയോയിൽ കാണാം. യുവതി യുവാവിനോട് ചിരിച്ചുകൊണ്ട് അവന്റെ ഇപ്പോഴത്തെ ജോലിയെ കുറിച്ചാണ് തിരക്കുന്നത്. ഒപ്പം, പഠിക്കുന്ന സമയത്ത് ഒരുപാട് പ്രചോദനാത്മകമായ കാര്യങ്ങൾ പറയുന്ന ആളായിരുന്നു യുവാവ് എന്നും കളിയായി പറയുന്നത് കേൾക്കാം.

അവൾ അവനെ ക്യാമറയിൽ പരിചയപ്പെടുത്തുന്നതും അവന്റെ പ്രായത്തെക്കുറിച്ച് പറയുന്നതും വീഡിയോയിൽ കാണാം. ഒപ്പം, ഇപ്പോൾ അവൻ പിസ ഡെലിവറിക്ക് പോവുകയാണ് എന്നത് എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ ജോലിയെക്കുറിച്ച് അവന് എന്താണ് തോന്നുന്നത്, സ്കൂൾ ഓർമ്മയുണ്ടോ എന്നൊക്കെ അവൾ അവനോട് ചോദിക്കുന്നു. അതിനെല്ലാം ഒരു പുഞ്ചിരിയോട് കൂടിയാണ് യുവാവിന്റെ പ്രതികരണം. തനിക്ക് അതെല്ലാം നന്നായി ഓർമ്മയുണ്ടെന്ന് അവൻ പറയുന്നു. അവൻ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യുന്നില്ല, ശാന്തനായിട്ടാണ് അവൻ യുവതിയുടെ ചോദ്യങ്ങളെയെല്ലാം നേരിടുന്നത്. യുവതി വീണ്ടും ചിരിക്കുകയും താൻ ഈ വീഡിയോ മറ്റുള്ളവർക്ക് അയക്കാൻ ആലോചിക്കുന്നുണ്ട് എന്ന് കൂടി പറയുന്നതും കേൾക്കാം.

ഒരുപക്ഷേ, ക്ലാസിൽ നന്നായി പഠിച്ചിരുന്നവനാകാം അവൻ, അല്ലെങ്കിൽ വലിയ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നവൻ. അതാകാം പെൺകുട്ടി അവനെ കളിയാക്കാൻ കാരണമായത്. എന്നാൽ, ഏത് പ്രായത്തിലും ഏതൊരു ജോലിയും മോശമല്ല, എന്നും ഒന്നിനും കാത്തുനിൽക്കാതെ അധ്വാനിക്കാനായി മുന്നോട്ട് വന്നുവെന്നതും അഭിനന്ദിക്കപ്പെടേണ്ടതിന് പകരം യുവാവിനെ കളിയാക്കിയ യുവതിയുടെ പെരുമാറ്റം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

'അവൾ ചിരിക്കുന്നു... പക്ഷേ ഒരു നിമിഷം പോലും ആൺകുട്ടികളുടെ ജീവിതം എളുപ്പമല്ല എന്ന് ചിന്തിച്ചില്ല. ചിലപ്പോൾ ഉത്തരവാദിത്തങ്ങൾ പ്രായമാകുന്നതിന് മുമ്പ് തന്നെ കടന്നു വരും. സ്വപ്നങ്ങൾ കുഴിച്ചുമൂടപ്പെടും. ആത്മാഭിമാനം പരീക്ഷിക്കപ്പെടും. പിസ്സ ഡെലിവറി ചെയ്യുകയെന്നത് അപമാനകരമായ ജോലിയല്ല. ഒരാളുടെ പോരാട്ടത്തെ പരിഹസിക്കുന്നത് ശരിയല്ല. ഒരു ആൺകുട്ടിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല' എന്ന് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വലിയ വിമർശനമാണ് യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

Scroll to load tweet…

എന്നാൽ, അതേസമയം തന്നെ ഇത് ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണ് എന്നു യുവതിയും സുഹൃത്തുക്കളും പറയുന്നതായിട്ടുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെയും വീ‍ഡിയോയിൽ കാണാം. തമാശയ്ക്ക് വേണ്ടി ചെയ്തതാണ് വീഡിയോ എന്നും ഞങ്ങൾ സുഹൃത്തുക്കളാണ് എന്നും യുവതിയും സുഹൃത്തുക്കളും പറയുന്നതും കാണാം.