വിമാനം റദ്ദാക്കിയതിൻ്റെ ദേഷ്യത്തിൽ വിമാനത്താവളത്തിൽ യുവതിയുടെ പരാക്രമം. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ് അതിക്രമം നടത്തിയത്.

ഭൂവനേശ്വർ: വിമാനം റദ്ദാക്കിയതിൻ്റെ ദേഷ്യത്തിൽ വിമാനത്താവളത്തിൽ ബഹളം വെച്ചും കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ വലിച്ചെറിഞ്ഞും യാത്രക്കാരിയായ യുവതിയുടെ പരാക്രമം. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡി​ഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. മാമോനി ഖാരത് ആണ് അതിക്രമം നടത്തിയത്. ഇവ‍ർക്കെതിരെ വിമാനത്താവള അധികൃത‍ർ പൊലീസിൽ പരാതി നൽകി.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള 6ഇ 7352 വിമാനത്തിലെ യാത്രക്കാരിയാണ് അതിക്രമം നടത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സിഐഎസ്എഫ്, ഇൻ​ഡി​ഗോ, എയ‍ർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. യുവതിയുടെ അതിക്രമത്തിൽ മോണിറ്ററിനും കീബോ‍ർഡിനും പാസ്പോർട്ട് സ്വൈപ്പിങ് മെഷീനും കേടുപാട് സംഭവിച്ചുവെന്നും 49,000 രൂപയുടെ നഷ്ടമുണ്ടായെന്നും എയ‍ർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Scroll to load tweet…

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇൻഡി​ഗോ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട യുവതി, ഉപകരണങ്ങൾ എടുത്ത് വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയെ അനുനയിപ്പിക്കാൻ അടുത്തുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വഴങ്ങിയില്ല. പിന്നീട് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ ഇവരെ പിടിച്ചുമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. യുവതിക്കെതിരെ നടപടിയെടുക്കണമെന്നും നാശനഷ്ടങ്ങളുടെ ചെലവ് ഇവരിൽനിന്ന് ഈടാക്കണമെന്നും വിമാനത്താവള അധികൃത‍ർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.