മുംബൈ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇരുപത്തി അഞ്ചുകാരിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.

മിലിട്ടറി ക്യാമ്പിന് സമീപത്തുകൂടെ സുഹൃത്തുമായി നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കില്‍ എത്തിയ ആൾ, ധരിച്ചിരുന്ന മാസ്ക് നീക്കി തനിക്ക് നേരെ തുപ്പുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന തനിക്ക് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാനായില്ലെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത മുംബൈ പൊലീസ് പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിത കമ്മീഷനും ട്വിറ്ററിലൂടെ അറിയിച്ചു. 

മുമ്പ് ദില്ലിയിലും സമാനരീതിയില്‍ മണിപ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് നേരേ അതിക്രമം നടന്നിരുന്നു. കൊറോണ വൈറസെന്ന് വിളിച്ച് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് തുപ്പിയ ആളെ പിന്നീട് പൊലീസ് അറസ്റ്റും ചെയ്തു.

Read Also: ദില്ലിയിൽ 'കൊറോണ' എന്നാക്ഷേപിച്ച് മണിപ്പുരി യുവതിയുടെ മുഖത്ത് തുപ്പിയ ആൾ അറസ്റ്റിൽ