ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു ആയുധമാണ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്.
ദില്ലി : നിയമവ്യവസ്ഥയെ ഗുജറാത്ത് സർക്കാർ അട്ടിമറിച്ചെന്നാണ് സുപ്രീംകോടതി വിമർശനം. പ്രതികളെ വിട്ടയക്കാൻ രാഷ്ട്രീയ അനുമതി നൽകിയ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. ഗുജറാത്തിൽ മോദിയുടെ ഭരണകാലത്തും നീതി നടപ്പായില്ല എന്ന സൂചന നല്കികൊണ്ടാണ് സുപ്രീംകോടതി വിധിപ്രസ്താവം നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു ആയുധമാണ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്.
ബിൽക്കിസ് ബാനോ കേസിൽ തിരിച്ചടി ഒഴിവാക്കാൻ ഗുജറാത്ത് സർക്കാരിനൊപ്പം കേന്ദ്രസർക്കാരും എല്ലാ നീക്കങ്ങളും സുപ്രീംകോടതിയിൽ നടത്തിയിരുന്നു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാരിനായി ഹാജരായത്. പ്രതികളെ വിട്ടയച്ചതിനെതിരെ കർശന നിലപാടാണ് കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് കെഎം ജോസഫ് തുടക്കം മുതൽ സ്വീകരിച്ചത്. ഇതോടെ ജസ്റ്റിസ് ജോസഫ് വിരമിക്കും മുമ്പ് വിധി വരാതിരിക്കാൻ കേസ് രേഖകൾ പോലും വൈകിച്ചു.
കോടതിയിൽ തട്ടിപ്പിലൂടെ പ്രതികൾ വിധി നേടിയെന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. പ്രതികളുമായി ഒത്തുകളിച്ച ഒരു സർക്കാരിന് തുടരാൻ അവകാശമുണ്ടോ എന്ന ചോദ്യം വിധിയോടെ ശക്തമാകുകയാണ്. കേസ് സിബിഐയിലേക്ക് മാറ്റിയത് നരേന്ദ്ര മോദിയുടെ ഭരണകാലത്തായിരുന്നു. അന്ന് നീതി നടപ്പാകാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നാണ് സുപ്രീംകോടതി ഇന്നത്തെ വിധിയിൽ ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ഇത് മുഖത്തേറ്റ അടിയാണ്.
പ്രതികളെ വിട്ടയച്ചതും സ്വീകരണം നല്കി ആഘോഷിച്ചതും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഹിന്ദുവികാരം ശക്തമാക്കാനായിരുന്നു. നിയമവ്യവസ്ഥ അട്ടിമറിച്ചുള്ള ആ തീരുമാനത്തിന് അനുമതി നല്കിയതും ദില്ലിയിൽ മോദി നയിക്കുന്ന ബിജെപിയാണ്. സബ്കെ സാത് എന്ന മോദിയുടെ അവകാശവാദം ചോദ്യം ചെയ്യാനുള്ള വലിയ ആയുധമാണ് പ്രതിപക്ഷത്തിന് സുപ്രീംകോടതി വിധിയോടെ കിട്ടിയിരിക്കുന്നത്.
പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ഉദാരമായി പരോൾ നല്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കൂട്ടബലാത്സംഗ കേസിലെ പ്രതികളുമായി സർക്കാർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണം മോദിയുടെ ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യത്തിന്റെ വിശ്വാസ്യതയും ഇടിക്കുന്നു. കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻറിയോട് അസഹിഷ്ണുതയോടെ പെരുമാറിയ സർക്കാരിന് ഇനി വിദേശ രാജ്യങ്ങളിൽ ഈ ചർച്ച വീണ്ടും സജീവമാകുന്നതും തടയാനാവില്ല.
