Asianet News MalayalamAsianet News Malayalam

ബിനീഷിന് കുരുക്ക് മുറുകുന്നു; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു

കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെൻ്റ്.

bineesh kodiyeri in more trouble as narcotic control bureau begins proceedings against him
Author
Bengaluru, First Published Nov 1, 2020, 6:25 AM IST

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 8 മണിയോടെ അവസാനിച്ചു.

കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. കസ്റ്റഡിയിൽ രണ്ടാം ദിവസം ചോദ്യം ചെയ്യൽ പുരോഗമിക്കവേ വൈകീട്ട് അഞ്ചരയോടെയാണ് എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ബിനീഷിനെതിരായ ഇഡിയുടെ നിർണായക കണ്ടെത്തലുകളാണ് നടപടികൾ ഇത്ര വേഗത്തിലാക്കിയത്.

എൻഫോഴ്സ്മെൻ്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. രണ്ടര മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് ചെലവഴിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ മടങ്ങിയത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിനെത്തുമെന്നു വിവരങ്ങൾ പുറത്ത് വന്നു.

അതേസമയം ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ബിനീഷ് നൽകുന്നില്ല. അനൂപിന് പണം നൽകിയത് മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് അറിയാതെയാണെന്നാണ് ബിനീഷ് ആവർത്തിച്ച് പറയുന്നത്.

അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ബിനീഷിൻ്റെ അഭിഭാഷകർ തീരുമാനിച്ചു. 

Follow Us:
Download App:
  • android
  • ios